ആലുവ: കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് പൊലീസ് നിരീക്ഷണം കർശനമാക്കി. പഞ്ചായത്തിലെ 15 -ാം വാർഡായ നെടുമ്പാശേരി വാർഡ് കണ്ടെയ്ന്റ്‌മെന്റ് സോണായി. വാർഡിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ഇതേ തുടർന്ന് വാർഡിലേയ്ക്കുള്ള എട്ട് റോഡുകളും അടച്ച് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. നാലു ദിവസം മുമ്പ് രോഗം സ്ഥിരീകരിച്ച ആലുവ നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ യുവാവിന്റെ അമ്മയ്ക്കും, ജേഷ്ഠ സഹോദരനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. സമ്പർക്ക പട്ടികയിൽപ്പെട്ടവരോട് നിരീക്ഷണത്തിലിരിയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കർശന നടപടി
കാഞ്ഞൂർ വാർഡിലൂടെയുള്ള ആറ് റോഡുകൾ അടച്ചു. പ്രധാന റോഡുകളിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. ജനങ്ങളെ ബോധവത്കരിച്ചു. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.യാതൊരു വിധ കൂട്ടം കൂടലുകളും യാത്രയും അനുവദിക്കില്ല. പുറത്ത് നിന്നുള്ളവർക്ക് വാർഡിലേക്ക് പ്രവേശനവും നിരോധിച്ചിരിക്കുകയാണ്.
അവശ്യ സവീസിലെ ജീവനക്കാരൊഴികെ മറ്റാരും വാർഡിനകത്തേയ്ക്ക് പ്രവേശിക്കാനും പുറത്തേയ്ക്ക് പോകാനും പാടില്ല.