പള്ളുരുത്തി: ചെല്ലാനത്ത് കൊവിഡ് ടെസ്റ്റ് ഫലം വൈകുന്നത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയെന്ന് എം.പി. ഹൈബി ഈഡൻ.ചെറിയ ചുറ്റളവിൽ വലിയ വ്യാപനമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.കുടുംബ വ്യാപനം ഇവിടെ ഭീതി പരത്തുന്ന സ്ഥിതിയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെയുള്ളവരുടെ സ്രവം പരിശോധനക്കായി കൊണ്ടു പോയിട്ട്. ഇതു വരെ ഫലം കിട്ടിയിട്ടില്ല. കഴിഞ്ഞ മൂന്ന് ദിവസമായി കൊവിഡ് പോസിറ്റീവായവരാണ് വീടുകളിൽ കുഞ്ഞുങ്ങളെ നോക്കുന്നത്. വിഷയത്തിൽ ജില്ലാ കളക്ടർ, മെഡിക്കൽ ഓഫീസർ എന്നിവർ അടിയന്തിരമായി ഇടപെടണമെന്ന് എം.പി. പറഞ്ഞു. ഓരോ കുടുംബത്തിലെയും മുഴുവൻ ആളുകളുടെയും ഫലങ്ങൾ ഒരുമിച്ച് ലഭിക്കാനുള്ള സൗകര്യം അധികാരികൾ ഒരുക്കണം. എല്ലാ രീതിയിലും ഏറെ വൈകാരികമായ കേന്ദ്രമാണ് ചെല്ലാനം. ടെസ്റ്റുകളുടെ കാര്യത്തിൽ കൃത്യത പാലിക്കാൻ കഴിയാത്ത പക്ഷം വലിയൊതു അപകടത്തിന് വഴിവെക്കുന്ന സ്ഥിതിയായി മാറുവെന്നും എം.പി.കുട്ടിച്ചേർത്തു. സ്പർശ് എന്ന സംഘടനയുമായി ചേർന്ന് ചെല്ലാനത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിക്കുന്നതിനുളള നടപടികൾ സ്വീകരിക്കും. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ സ്ഥാപിക്കുമെന്നും ഹൈബി പറഞ്ഞു.