കൊച്ചി: സ്വാതന്ത്ര്യാനന്തരം രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ സാമ്പത്തികമാന്ദ്യമാണ് ഇതെന്ന് ഇന്ത്യൻ അനലിറ്റിക്കൽ കമ്പനിയായ ക്രിസിൽ റിപ്പോർട്ട്.
തൊഴിലില്ലായ്മ, ശമ്പളം വെട്ടിക്കുറയ്ക്കൽ, വീട്ടിലിരുന്ന് ജോലി ചെയ്യുക, ഉറക്കമില്ലായ്മ, പുറംവേദന, തളർച്ച, ക്ഷീണം, ആശങ്ക, മറ്റുള്ളവരോട് ദേഷ്യപ്പെടൽ തുടങ്ങിയവയും കൊവിഡ് മഹാമാരിയുടെ സമ്മർദലക്ഷണങ്ങളാണ്.
സമ്മർദ്ദം മൂലം കൂടുതലും ദേഷ്യം വരുന്നത് പുരുഷന്മാരിലാണെന്ന് ടാറ്റ സോൾട്ട് ലൈറ്റ് നടത്തിയ സർവേയിൽ വ്യക്തമായി. ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സമ്മർദ്ദത്തിന് കാരണങ്ങൾ.
ജോലിയിലും സാങ്കേതികകാര്യങ്ങളിലും പ്രതീക്ഷിക്കാത്ത പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നുണ്ട് പുരുഷന്മാർക്ക്. അവധി ദിവസങ്ങളിലും ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുന്നു. സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 58 ശതമാനം പേർ മാത്രമാണ് ഇക്കാരണത്താൽ ശുണ്ഠിയെടുക്കുന്നത്.
സർവേയിൽ പങ്കെടുത്ത പതിനെട്ടിനും ഇരുപത്തിയഞ്ചിനും മധ്യേ പ്രായമുള്ളവർ (ജെൻ സെഡ്) ചെറിയ സാങ്കേതികപ്പിഴവുകളിൽ പോലും ദേഷ്യം പിടിക്കുന്നവരാണ്. 45നു മുകളിലുള്ളവർ ഇത്തരം കാര്യങ്ങൾ ശാന്തതയോടെയാണ് സ്വീകരിച്ചത്.
ഇന്ത്യൻ നഗരങ്ങളിൽ, പ്രത്യേകിച്ച് പുരുഷന്മാരിൽ, രക്താതിസമ്മർദ്ദമാണ് പ്രധാന ആരോഗ്യപ്രശ്‌നമെന്ന് ടാറ്റ നുട്രിക്കോർണർ ന്യുട്രീഷൻ എക്‌സ്‌പേർട്ട് കവിത ദേവഗൺ അഭിപ്രായപ്പെട്ടു. ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റം വരുത്തണം. വീട്ടിലിരുന്ന് ജോലി നോക്കുമ്പോൾ ഇടയ്ക്കിടെ എഴുന്നേൽക്കുകയും മണിക്കൂറിൽ ഒരുപ്രാവശ്യമെങ്കിലും നടക്കുകയും വേണം.
വീട്ടിൽ പാചകം ചെയ്ത പരമ്പരാഗത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. വേഗത്തിൽ നടക്കുക, യോഗ ചെയ്യുക, നീന്തുക തുടങ്ങിയ വ്യായാമങ്ങൾ ഏറ്റെടുക്കണം. ആറു മുതൽ എട്ടുമണിക്കൂർ വരെയെങ്കിലും എല്ലാദിവസവും ഉറങ്ങുന്നുവെന്നും ഉറപ്പുവരുത്തണമെന്ന് കവിത പറഞ്ഞു.
സോഡിയം കുറഞ്ഞ ഉപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്.
ഏറ്റവും കുറച്ചു മാത്രം ഭക്ഷണം പാഴാക്കുക, കൂടുതൽ ആരോഗ്യകരമായ ഷോപ്പിംഗ് നടത്തുക എന്നീ കാര്യങ്ങൾക്ക് ജനങ്ങൾ ഇപ്പോൾ കൂടുതൽ പ്രാധാന്യം നല്കുന്നു. വീട്ടിൽ പാചകം ചെയ്യുന്ന പരമ്പരാഗത ഇന്ത്യൻ ഭക്ഷണത്തിന് കൂടുതൽ പ്രിയമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.