കോലഞ്ചേരി: കൊവിഡ് പശ്ചാതലത്തിൽ എല്ലാം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയപ്പോഴും പ്രശ്നങ്ങൾ അവിടം കൊണ്ട് തീരുന്നില്ല. എല്ലാവരും നേരിടുന്ന പ്രശ്നം ഇന്റർനെറ്റിന്റെ ലഭ്യത കുറവാണ്. പരീക്ഷ തുടങ്ങും മുമ്പ് ഓൺലൈൻ ഡ്രൈവിംഗ് ലേണേഴ്സ് പരീക്ഷാർത്ഥികളുടെ പ്രാർത്ഥന നെറ്റ് പോവരുതെ എന്നാണ്.പരീക്ഷയ്ക്കിടെ നെറ്റ് കട്ടായാൽ പണി പാളി. പരീക്ഷയിൽ നിന്നു പുറത്താകും. പിന്നീട് അന്നേ ദിവസം പരീക്ഷയ്ക്ക് ലോഗിൻ ചെയ്യാൻ കഴിയില്ല. മ​റ്റൊരു ദിവസം വീണ്ടും പരീക്ഷ എഴുതണം അപ്പോഴും സ്ഥിതി ഇതു തന്നെ.വൈകിട്ടും രാത്രിയിലുമാണ് ഇന്റർനെ​റ്റ് ഉപയോഗം ഏ​റ്റവും കൂടുതലായി നടക്കുന്നത്. ഈ സമയത്തു തന്നെ പരീക്ഷ നടക്കുന്നതിനാൽ നെ​റ്റ് വർക്ക് തകരാറിലാകുമോ എന്നുള്ള ആശങ്ക പരീക്ഷ എഴുതുന്നവർക്കുണ്ട്. 50 ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തുന്നതിനായി 30 മിനി​റ്റാണ് അനുവദിച്ചിരിക്കുന്നത്. 30 ചോദ്യങ്ങൾക്കു ശരി ഉത്തരം നൽകിയാൽ മാത്രമേ പരീക്ഷ പാസാകൂ. പരാജയപ്പെടുന്നവർ 50 രൂപ ഫീസടച്ച് പുതിയ പരീക്ഷാ തീയതി തിരഞ്ഞെടുത്തു വീണ്ടും പരീക്ഷ എഴുതണം. കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലിലെ സാരഥി വഴിയാണ് ഓൺലൈൻ അപേക്ഷ നൽകേണ്ടത്.

പരീക്ഷാ തീയതി തിരഞ്ഞെടുക്കാം

കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ഓൺലൈൻ ലേണേഴ്‌സ് പരീക്ഷകൾക്കാണ് ഈ ഗതികേട്. ലേണേഴ്‌സ് പരീക്ഷയ്ക്കു ഓൺലൈൻ വഴി അപേക്ഷ നൽകുന്നവർക്കു ഇഷ്ടമുള്ള പരീക്ഷാ തീയതി തിരഞ്ഞെടുക്കാം. അന്നേദിവസം വൈകിട്ട് 6 മണിയോടെ ഇവരുടെ മൊബൈൽ ഫോണിലേക്ക് പാസ്‌വേഡ് എസ്.എം.എസായി ലഭിക്കും. 7 മണിയോടെ പാസ്‌വേഡ് ഉപയോഗിച്ചു പരീക്ഷയിൽ പങ്കെടുക്കാം. രാത്രി 12 മണിവരെ മാത്രമേ പാസ്‌വേഡിനു കാലാവധി ഉള്ളൂ. ഇതിനുള്ളിൽ പരീക്ഷ എഴുതിയില്ലെങ്കിൽ നിലവിലെ പാസ്‌വേഡ് നഷ്ടമാകും. പിന്നീട് പരീക്ഷയ്ക്കായി പുതിയ തീയതി തിരഞ്ഞെടുക്കണം.

മൊബൈൽ വഴി പരീക്ഷ എഴുതുന്നവർക്കും പണി

മൊബൈൽ ഫോൺ ഉപയോഗിച്ചു പരീക്ഷ എഴുതുന്നവരും ഏറെ ജാഗ്രത പാലിക്കണം. മൊബൈൽ ഡേ​റ്റാ സിഗ്നൽ മതിയായ റേഞ്ചിലായിരിക്കണം. പരീക്ഷ എഴുതുന്നതിനിടെ മൊബൈൽ ഫോണിലേക്ക് വിളി വന്നത് എടുത്താൽ ഡേ​റ്റാ കട്ടാകും. ഇതോടെ പരീക്ഷയിൽ നിന്നും പുറത്താവുകയും ചെയ്യും.