ആലുവ: മുഖ്യമന്ത്രി പുറത്തുവിട്ട കണക്കുകളനുസരിച്ച് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് പരിശോധന ഫലം ലഭിക്കുന്നതിലെ കാലതാമസത്തെ തുടർന്നെന്ന് ആരോപണം. ഇന്നലെ മുഖ്യമന്ത്രിപത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയതിന്റെ ഇരട്ടിയോളം പേർ രോഗ ബാധിതരായുണ്ടാകുമെന്നാണ് ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും നൽകുന്ന സൂചന. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ ജില്ലയിൽ 44 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ കൊവിഡ് ക്ളസ്റ്ററുകളായ ആലുവ, കീഴ്മാട്, ചെല്ലാനം മേഖലകളിൽ കഴിഞ്ഞ 13 മുതൽ നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.
നൂറുകണക്കിന് ആളുകളാണ് പരിശോധന ഫലം ലഭിക്കാതെയുള്ളത്. ജില്ലയിലെ താലൂക്ക് ആശുപത്രികൾ മുഖേന ശേഖരിക്കുന്ന സ്രവം കളമശേരി മെഡിക്കൽ കോളേജിലെത്തിച്ചാണ് പരിശോധിക്കുന്നത്. ഇവിടെ ലാബിൽ ജോലി ചെയ്തിരുന്ന ചിലർ ക്വാറന്റൈയിനിൽ പോയതും ജീവനക്കാരുടെ ക്ഷാമവുമാണ് പരിശോധന ഫലം വൈകാൻ കാരണം.ആറ് മുതൽ എട്ട് മണിക്കൂർ വരെ പരിശോധന സമയം ആവശ്യമായ ആർ.ടി പി.സി.ആർ ടെസ്റ്റുകളാണ് ഭൂരിഭാഗം സ്ഥലത്തും നടത്തുന്നത്. ഈ പരിശോധനയുടെ റിപ്പോർട്ടാണ് അഞ്ച് ദിവസമായിട്ടും ലഭിക്കാത്തത്. താലൂക്ക് ആശുപത്രികളിൽ നിന്നും നേരിട്ട് രോഗലക്ഷണമുള്ളവരുടെ സ്രവം ശേഖരിക്കുന്നതിന് പുറമെ ജില്ലയിലെ ക്ളസ്റ്റർ മേഖലയിൽ പരിശോധനക്കായി നാല് മൊബൈൽ സംഘവും സന്ദർശിക്കുന്നുണ്ട്. കൂടുതൽ ആളുകൾ പരിശോധനക്ക് വരുന്നതും റിസൾട്ട് വൈകുന്നതിന് കാരണമാകുന്നുണ്ട്.ഫലം വൈകുന്നത് രോഗ ലക്ഷണമുള്ളവരിൽ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. 14 ദിവസത്തെ ക്വാറന്റൈൻ ശേഷമാണ് പലരും കൊവിഡ് ടെസ്റ്റിന് പോകുന്നത്. പിന്നെയും ഫലമറിയാൽ ദിവസങ്ങൾ കാത്തുനിൽക്കേണ്ടി വരുന്നത് പലരിലും മാനസീക സംഘർഷത്തിന് വഴിയൊരുക്കുന്നുണ്ട്. 20 മിനിറ്റ് കൊണ്ട് ഫലമറിയുന്ന ആന്റി ബോഡി ടെസ്റ്റ്, അര മണിക്കൂറിനകം ഫലം ലഭിക്കുന്ന ആന്റിജൻ ടെസ്റ്റ് എന്നിവ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.