കൊച്ചി: നയതന്ത്രചാനലിലൂടെ എത്തുന്ന സ്വർണം വാങ്ങുകയും സവർണക്കടത്തിന് പണം നിക്ഷേപിക്കുകയും ചെയ്‌ത മലപ്പുറം കോട്ടയ്ക്കൽ വലക്കുളം പട്ടത്തോടിൽ പി.ടി. അബ്‌ദു (45), കോഴിക്കോട് അരക്കിണർ ഹെസ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പാർട്ണർമാരായ കൊടുവള്ളി മാനിപുരം കൈവേലിക്കൽ കെ.വി. മുഹമ്മദ് അബ്ദു ഷമീം (26), വട്ടക്കിണർ കൊങ്കിണിപ്പറമ്പ് ജാസ്‌മഹലിൽ സി.വി. ജിഫ്‌സൽ (39) എന്നിവരെ കസ്‌റ്റംസ് അറസ്‌റ്റു ചെയ്‌തു. ഹെസ ജുവലറിയിൽ നിന്ന് രേഖകളില്ലാത്ത 3.72 കിലോഗ്രാം സ്വർണം നേരത്തേ പിടികൂടിയിരുന്നു. ഇതോടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ, കസ്‌റ്റംസ് എന്നിവർ അറസ്‌റ്റ് ചെയ്‌തവരുടെ എണ്ണം 15 ആയി.
ജിഫ്സൽ 2019 ആഗസ്‌റ്റിൽ നെടുമ്പാശേരി വിമാനത്താവളം വഴി ആറു കിലോ സ്വർണം കടത്തിയ കേസിൽ അറസ്‌റ്റിലായിരുന്നു. ഷമീമിന് സ്വർണക്കടത്ത് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് കസ്‌റ്റംസ് കണ്ടെത്തി. ഇയാൾ തിരുവനന്തപുരത്തെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ലാഭത്തിന്റെ പത്തു ശതമാനമാണ് കമ്മിഷനായി ഇവർക്ക് വാഗ്ദാനം ചെയ്‌തിരുന്നത്. അഞ്ചു പ്രാവശ്യം സ്വർണം കടത്തിക്കഴിയുമ്പോൾ ഒരുമിച്ച് പണം നൽകാമെന്ന് അറിയിച്ചത് നേരത്തെ പിടിയിലായ റെമീസാണ്. ഇതിന് മുമ്പ് മൂന്നുതവണ സ്വർണം കടത്താൻ പണം നിക്ഷേപിച്ചെന്നും പ്രതികൾ വെളിപ്പെടുത്തി.
ജുവലറി ഉടമയുടെ വീട്ടിലും റെയ്ഡ്
കോഴിക്കോട്: തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അരക്കിണറിലെ 'ഹെസ്സ' ജുവലറിയിൽ വെള്ളിയാഴ്ച നടന്ന റെയ്ഡിന്റെ തുടർച്ചയായി മാനേജിംഗ് പാർട്‌ണർ ഷെമീറിന്റെ കൊടുവള്ളിയിലെ വീട്ടിലും ഇന്നലെ കസ്റ്റംസ് റെയ്ഡ് നടത്തി. രാവിലെ 11.45 ഓടെ ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്ക് രണ്ട് മണി വരെ നീണ്ടു.