കൊച്ചി: ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ പൊതുജനങ്ങൾക്ക് ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്. ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ നടത്തുന്ന ബി ദി ചെയിൻ ബ്രേക്കർ പ്രോഗ്രാമിന്റെ ഭാഗമായാണ് ബോധവത്കരണം നടത്തുന്നത്. ചെല്ലാനം, ആലുവ പ്രദേശങ്ങൾക്ക് പുറമെ മറ്റു പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് അനൗൺസ്‌മെന്റ് നടത്തുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ ആളുകൾ വീട്ടിൽ തന്നെ കഴിയുക, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ സാമൂഹിക അകലം പാലിക്കുക, ബ്രേക്ക് ദി ചെയിൻ നിർദേശങ്ങൾ പിന്തുടരുക, രോഗ ലക്ഷണമുള്ളവർ പുറത്തിറങ്ങാതിരിക്കുക, ആരോഗ്യ വകുപ്പിന്റെ ടെലിമെഡിസിൻ സംവിധാനത്തിൽ വിവരമറിയിക്കുക, സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ ആണ് ആരോഗ്യ വകുപ്പ് പ്രധാനമായി പൊതുജനങ്ങളോട് പങ്കു വെക്കുന്നത്. ജൂലായ് 8ന് ആരംഭിച്ച ബോധവത്കരണ പരിപാടി ഏതാനും ദിവസങ്ങൾ കൂടി തുടരും.