തൃക്കാക്കര : ജില്ലയിൽ കണ്ടെയ്മെന്റ് സോണുകളിലടക്കം ആരോഗ്യവകുപ്പിന്റെ സേവനം കൂടുതൽ ഊർജ്ജിതമാക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സജീവസാന്നിധ്യം ഈ മേഖലകളിൽ ഉണ്ടാകും. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ചെല്ലാനം പഞ്ചായത്തിൽ അനൗൺസ്മെന്റ് പ്രവർത്തനങ്ങൾ നടത്താൻ ജില്ലയിലെ കോവിഡ് അവലോകന യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു. അനധികൃത മത്സ്യവില്പനയ്ക്കെതിരെ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ഫിഷറീസ്, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവർ സംയുക്തമായി ജില്ലയിൽ പരിശോധന നടത്തും. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ നടന്ന ജില്ലാതല അവലോകന യോഗത്തിൽ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്, എസ്.പി കെ. കാർത്തിക്, പൊലീസ് ഡെപ്യൂട്ടി. കമ്മീഷ്ണർ ജി. പൂങ്കുഴലി, ഡി.എം.ഒ എൻ.കെ കുട്ടപ്പൻ, അഡീഷണൽ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ ജോസ് .പി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.