കൊച്ചി : യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെ മടങ്ങിപ്പോയതോടെ നയതന്ത്ര ചാനൽവഴി സ്വർണം കടത്തിയ കേസിലെ നിർണായക തെളിവാകുമായിരുന്ന രണ്ടു കത്തുകൾ എൻ.ഐ.എയ്ക്ക് ചോദ്യചിഹ്നമാകും. തനിക്കുവേണ്ടി ഫൈസൽ ഫരീദ് ബാഗേജ് അയയ്ക്കുമെന്ന് അറ്റാഷെ റാഷിദ് ഖമീസ് എമിറേറ്റ്സ് സ്കൈ കാർഗോയ്ക്കെഴുതിയ കത്താണ് ഒന്ന്. ഡിപ്ളോമാറ്റിക് ബാഗ് പരിശോധിക്കേണ്ടി വരുമെന്ന് കസ്റ്റംസ് വ്യക്തമാക്കിയപ്പോൾ ബാഗേജ് തിരിച്ച് അയയ്ക്കാനായി റാഷിദ് തിരുവനന്തപുരം എയർ കാർഗോ കോംപ്ളക്സിലെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർക്ക് അയച്ച കത്താണ് മറ്റൊന്ന്.
ഇരു കത്തുകളും റാഷിദിന്റേതാണെന്ന് പ്രതികളായ സരിത്തും സ്വപ്നയും മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇവ വ്യാജമാണെന്ന നിലപാടിലാണ് കസ്റ്റംസ്. എന്നാൽ സ്വർണക്കടത്ത് എൻ.ഐ.എ ഏറ്റെടുത്തതോടെ ഇൗ കത്തുകളുടെ നിജസ്ഥിതി കേസിൽ സുപ്രധാനമാണ്. ഇൗ സാഹചര്യത്തിലാണ് യു.എ.ഇയിലേക്ക് അറ്റാഷെ മടങ്ങിപ്പോയത് അന്വേഷണസംഘത്തെ വലയ്ക്കുന്നത്.
റാഷിദിന്റെ ആദ്യ കത്ത്
ദുബായിൽനിന്ന് തനിക്കുവേണ്ടി സാധനങ്ങൾ കൈമാറുന്നതിന് ഫൈസലിനെ ചുമതലപ്പെടുത്തി നൽകിയ ഒാതറൈസേഷൻ കത്തിൽ അറ്റാഷെ ഒപ്പിട്ടിട്ടുണ്ട്. തന്റെ അഭാവത്തിൽ ബാഗേജ് എത്തിക്കാൻ ഫൈസലിനെ ചുമതലപ്പെടുത്തുകയാണെന്നാണ് കത്തിൽ പറയുന്നത്. ഇത് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കള്ളക്കടത്തു നടത്താനായി കത്തു വ്യാജമായി ചമച്ചതാണെന്ന നിഗമനത്തിലാണ് കസ്റ്റംസെങ്കിലും വ്യാജമല്ലെന്നാണ് സരിത്തിന്റെ നിലപാട്.
രണ്ടാമത്തെ കത്ത്
പരിശോധന നടക്കുമെന്നായതോടെ കാർഗോ കോംപ്ളക്സിലെ അസി. കമ്മിഷണർക്ക് എഴുത്തിയ കത്തിൽ ബാഗ് എത്രയും വേഗം തിരിച്ചു വിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇൗ കത്ത് അറ്റാഷെയുടെ ഇ - മെയിലിൽ നിന്നാണ് കസ്റ്റംസിന് ലഭിച്ചത്. എന്നാൽ സ്വപ്നയുടെ ഇ - മെയിലിൽ നിന്ന് സന്ദേശം തയ്യാറാക്കി അറ്റാഷെയുടെ ഒൗദ്യോഗിക മെയിലിലേക്ക് കൈമാറിയതിന്റെ തെളിവ് കസ്റ്റംസിന് ലഭിച്ചു. അറ്റാഷെ ആവശ്യപ്പെട്ടതനുസരിച്ചാണ് കത്ത് തയ്യാറാക്കിയതെന്ന് സ്വപ്ന മൊഴി നൽകിയിട്ടുമുണ്ട്.