മൂവാറ്റുപുഴ: കൊവിഡ-19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നിർദ്ദേശത്തെ തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ നഗരസഭയിലും 10-പഞ്ചായത്തുകളിലുംഒരുങ്ങുന്നു. മൂവാറ്റുപുഴ നഗരസഭയിലെ സർക്കാർ സ്കൂൾ ഓഡിറ്റോറിയത്തിൽ 60 ബഡുകളാണ് സജ്ജീകരിക്കുന്നത്. പായിപ്ര ഗ്രാമപഞ്ചായത്തിൽ എൻജിനീയറിംഗ് കോളേജിന്റെ ഹോസ്റ്റലിൽ 80-ബെഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വാളകത്ത് സ്വകാര്യ സ്‌കൂളിൽ 20 ബെഡുകളും, മാറാടിയിൽ സ്വകാര്യ ഓഡിറ്റോറിയത്തിൽ 60-ബെഡുകളും, ആരക്കുഴയിൽ സർക്കാർ സ്‌കൂളിൽ 20-ബെഡുകളും മഞ്ഞള്ളൂർ പഞ്ചായത്തിൽ സ്വകാര്യ സ്‌കൂളിൽ 50-ബെഡുകളും പോത്താനിക്കാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ 20-ബെഡുകളും ,പൈങ്ങോട്ടൂർ പഞ്ചായത്തിൽ സ്വകാര്യ ആശുപത്രിയും സർക്കാർ സ്‌കൂളിലുമായി 50-ബെഡുകളും, പാലക്കുഴ പഞ്ചായത്തിൽ പളളിയുടെ ഓഡിറ്റോറിയത്തിൽ 50-ബെഡുകളും , ആയവന പഞ്ചായത്തിൽ സ്വകാര്യ സ്‌കൂളിൽ 70-ബെഡുകളും, കല്ലൂർക്കാട് പഞ്ചായത്തിൽ സ്വകാര്യ സ്‌കൂളിൽ 50-ബെഡ്ഡുകളും സജ്ജീകരിച്ചിട്ടുണ്ട് .ആവോലി ഗ്രാമപഞ്ചായത്തിൽ ചൊവ്വാഴ്ച സെന്റർ കണ്ടെത്തും.പായിപ്ര ഗ്രാമപഞ്ചായത്തിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് തിരുവാണിയൂർ സ്റ്റെറിൾടെക്‌സ് സർജിക്കൽ ഉടമ എൽദോ ബാബു നൽകിയ 25-പി.പി. കിറ്റുകൾ എൽദോ എബ്രഹാം എം.എൽ.എ പായിപ്ര മെഡിക്കൽ ഓഫീസർ ഡോ.കൃഷ്ണ പ്രിയയ്ക്ക് കൈമാറി.ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, വാർഡ് മെമ്പർ അശ്വതി ശ്രീജിത്ത്, പി.പി.കിറ്റ് നൽകിയ എൽദോ ബാബു എന്നിവർ സന്നിഹിതരായിരുന്നു.
കൗണ്ടർ തുറന്ന്
സെന്ററുകളിലേക്കാവശ്യമായ മടക്കാവുന്ന എല്ലാതരം സാധനങ്ങളും പൊതുജനങ്ങൾ, വിവിധ സന്നദ്ധ സംഘടനകൾ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മൂവാറ്റുപുഴ താലൂക്കിൽ ഉപകരണങ്ങൾ സ്വീകരിക്കുന്നതിന് കൗണ്ടർ തുറന്ന് കഴിഞ്ഞു. ഇതോടൊപ്പം തന്നെ പഞ്ചായത്തുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിലും ഉപകരണങ്ങളുടെ സമാഹരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.