പെരുമ്പാവൂർ: കൊവിഡ് കാലത്തെ പ്രവാസി കുടുംബത്തിന്റെ യഥാർത്ഥ അവസ്ഥയെ ഇതിവൃത്തമാക്കിയിട്ടുളള 'അരികിൽ' എന്ന ഹ്രസ്വചിത്രത്തിൽ എൽദോസ് കുന്നപ്പിളളി എം.എൽ.എയും വേഷമിടുന്നു. കഥയിൽ സ്ഥലം എം. എൽ.എയായി തന്നെയാണ് എൽദോസ് കുന്നപ്പിളളി അഭിനയിക്കുന്നത്. പുല്ലുവഴി, മേതല,മലമുറി, കുറുപ്പംപടി എന്നീ പ്രദേശങ്ങളിലായി ചിത്രീകരണം പുരോഗമിക്കുകയാണ്. നിരവധി വർഷങ്ങൾ വിദേശത്ത് കഴിഞ്ഞ നല്ല കലാസ്‌നേഹിയും മനുഷ്യസ്‌നേഹിയുമായ റിയാസ് കബീർ കൊവിഡ്കാലത്ത് നാട്ടിലെത്തിയതിന് ശേഷം അനുഭവിക്കുന്ന ആത്മദുഖങ്ങളാണ് ചിത്രം കാണിക്കുന്നത്. വർഷങ്ങളായി കാണാൻ കാത്തിരുന്ന ഭാര്യയെയും മക്കളെയും അടുത്ത് ചെന്ന് കാണാൻ കഴിയാതെ ക്വാറന്റീനിൽ കഴിയുന്ന റിയാസിന്റെ മാനസിക സംഘർഷങ്ങൾ വരച്ച് കാട്ടുന്ന ഹ്രസ്വചിത്രത്തിൽ ക്വാറന്റയിനിൽ കഴിയുന്നവരെ സന്ദർശിക്കുന്ന എം.എൽ.എയായാണ് എൽദോസ് കുന്നപ്പിള്ളി എത്തുന്നത്. താൻ വലിയ അഭിനേതാവല്ലെന്നും എന്നാൽ തിരക്ക് പിടിച്ച ജീവിതത്തിൽ ഇത്തരത്തിലുളള കലാപരമായ കാര്യങ്ങളിൽ ഇറങ്ങിചെല്ലുന്നത് എല്ലാവർക്കും ആശ്വാസകരമാണെന്നും എം.എൽ.എ പറഞ്ഞു. താൻ ഇതിന് മുമ്പ് ചില ഹ്രസ്വചിത്രങ്ങളിലും സ്‌റ്റേജുകളിലും അഭിനയിച്ച് ഏറെ വിമർശനങ്ങൾക്ക് വഴി വച്ചതാണെങ്കിൽ അതൊന്നും വക വയ്ക്കാറില്ലെന്നും ജീവിതത്തെ കലയുമായി ബന്ധപ്പെടുത്തുന്നത് നല്ലതാണെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു. യുവസംവിധായകനായ ഫറൂക്ക് അഹമ്മദലിയാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എം.എൽ.എയെക്കൂടാതെ സാജു കൊടിയൻ,നീനാ കുറുപ്പ്, നാരായണൻ കുട്ടി, മജീദ്, റിയാസ് കബീർ, ബെൻസൺ എന്നിവരും ചിത്രത്തിൽ അഭിനേതാക്കളാണ്.