കൊച്ചി: സർക്കാർ സർവീസിൽ ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം മെഡിക്കൽ കോളജിലെ കരാർ/ദിവസ വേതന ജീവനക്കാർ സമരം ശക്തമാക്കുന്നു. ജൂലായ് 31ന് ശേഷം കോളേജ് ഗേറ്റിന് മുന്നിൽ ജീവനക്കാർ റിലേ സത്യാഗ്രഹം നടത്തുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കൾ അറിയിച്ചു. ജീവനക്കാരെ സ്ഥിരപ്പെടുത്തില്ലെന്ന് കാണിച്ച് കഴിഞ്ഞമാസം സർക്കാർ പുതിയ ഉത്തരവിറക്കിയിരുന്നു. ഇതോടെയാണ് നിലവിലെ സമരം ശക്തമാക്കാൻ തീരുമാനിച്ചത്.
നേരത്തെ കേപ്പിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന കൊച്ചി സഹകരണ മെഡിക്കൽ കോളേജാണ് 2013ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിലവിലുള്ള ആസ്തി ബാദ്ധ്യതയോടെ സർക്കാർ ഏറ്റെടുത്തത്. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുന്നതിന് പ്രൊപ്പോസൽ സമർപ്പിക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോടും സ്‌പെഷ്യൽ ഓഫീസറോടും അന്ന് സർക്കാർ നിർദേശിച്ചിരുന്നു. 874 തസ്തികകൾ വേണമെന്നായിരുന്നു റിപ്പോർട്ടിലെ നിർദേശം. എന്നാൽ സർക്കാർ ഏറ്റെടുത്ത സമയത്ത് സ്ഥിരം, കരാർ, ദിവസ വേതന ജീവനക്കാർ ഉൾപ്പടെ 690 ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ നിലവിലുള്ള ജീവനക്കാരിൽ എം.സി.ഐ മാനദണ്ഡം അനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള സ്ഥിരം ജീവനക്കാരെയും രണ്ടാം ഘട്ടത്തിൽ യോഗ്യതയുള്ള കരാർ/ദിവസവേതന ജീവനക്കാരെയും ലയിപ്പിക്കാനും തീരുമാനിച്ചിരുന്നു. തുടർന്ന് 350 ജീവനക്കാരെ സ്ഥിരപ്പെടുത്തി. പിന്നീട് വിശദ പരിശോധനകൾ നടത്തി ആദ്യഘട്ട ഇന്റഗ്രേഷനിൽ ഉൾപ്പെടുത്താതെപോയ 25 ജീവനക്കാരെയും 315 കരാർ/ദിവസ വേതന ജീവനക്കാരെയും സ്ഥിരപ്പെടുത്തുന്നതിന് മന്ത്രിസഭ അനുമതി നൽകുകയും 315 പുതിയ തസ്തികകൾ അനുവദിച്ച് 2016 മാർച്ച് നാലിന് ഉത്തരവിറക്കുകയും ചെയ്തു. ഇതിനിടെ പുതിയ സർക്കാർ വന്നു. എന്നാൽ ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല നിലവിലെ സാഹചര്യത്തിൽ സ്ഥിരപ്പെടുത്തില്ലെന്ന് ഉത്തരവിറക്കുകയും ചെയ്തു. ഇതിനെതിരെ സമരം ശക്തമാക്കുമെന്ന് സംയുക്ത സമരസമിതി പറഞ്ഞു. സി.ഐ.ടി.യു നേതാവും മുൻ എം.എൽ.എയുമായ എം. യൂസഫ്, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി, എസ്.ടി.യു ജില്ലാ ട്രഷറർ പി.കെ. ഇബ്രാഹിം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.