ആലുവ: കഴിഞ്ഞ ദിവസം വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഗൃഹനാഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ എടത്തല പൊലീസ് സ്‌റ്റേഷനിലെ സി.ഐ. അടക്കം 14 പൊലീസുകാരും സ്‌റ്റേഷനിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീയും സ്വയം ക്വാറന്റൈനിൽ പോയി. കീഴ്മാട് ജി.ടി.എൻ കൃപക്ക് സമീപം കളങ്ങര വീട്ടിൽ രാജീവനാണ് (52) വ്യാഴാഴ്ച മരിച്ചത്. തുടർന്ന് വെള്ളിയാഴ്ച കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്.
വഴക്കുണ്ടാക്കിയതിനെ തുടർന്ന് വീട്ടുകാർ രാജീവനെതിരെ എടത്തല സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച എടത്തല സി.ഐ. പി.ജെ. നോബിളിന്റെ നേതൃത്വത്തിലുള്ള പൊലീസുകാർ രാജീവന്റെ വീട്ടിൽ അന്വേഷണത്തിനെത്തി. പിന്നീട് പ്രശ്‌നപരിഹാരത്തിനായി രാജീവനെയും വീട്ടുകാരെയും സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് പൊലീസുകാരാണ് ഇൻക്വസ്റ്റ് തയ്യാറാക്കാൻ എത്തിയത്. ഇവരുൾപ്പെടെയുള്ളവരാണ് നിരീക്ഷണത്തിലായത്. ഇവരുടെ സ്രവപരിശോധന അടുത്തദിവസങ്ങളിൽ നടക്കും.