dentak

കോലഞ്ചേരി: കൊവിഡ് കാലത്ത് ഏ​റ്റവും അപകടം പിടിച്ച ജോലികളുടെ മുൻ നിരയിലാണ് ദന്ത ഡോക്ടർമാരുടെ സേവനം.രോഗിയുമായി അടുത്തിടപഴകുന്നതാണ് പ്രശ്നം. എന്നാൽ പല്ലുവേദന വന്നാൽ ചികിത്സ തേടാതിരിക്കാൻ കഴിയില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കഴിഞ്ഞയുടൻ ഏ​റ്റവും തിരക്കുണ്ടായിരുന്ന സ്ഥലങ്ങളിലൊന്ന് ഡെന്റൽ ക്ലിനിക്കുകളാണ്.

ദന്തചികിത്സാ മേഖലയിൽ കൊവിഡ് ഗുരുതരമായ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. പ്രവർത്തനച്ചിലവിൽ വലിയ വർദ്ധനവുണ്ടായി. സാനിറ്റൈസർ മുതൽ പി.പി.ഇ കിറ്റ് വരെ ഉപയോഗിക്കണം. കുറഞ്ഞത് ആയിരംരൂപ വരെ പ്രതിദിനം അധികമായി ഒരു ഡോക്ടർക്ക് ചിലവഴിക്കണം. ഫീസ് വർദ്ധിപ്പിക്കേണ്ടെന്നാണ് ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ നിർദേശം. നിലവിൽ അടിയന്തര ചികിത്സകൾ മാത്രമാണ് ക്ലിനിക്കുകളിൽ നൽകുന്നത്.

ഇന്ത്യൻ ഡെന്റൽ അസോസിയേഷനും സർക്കാരും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ സ്വകാര്യക്ലിനിക്കുകൾ ഉൾപ്പെടെയുള്ളവയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രോഗികൾ ശ്രദ്ധിക്കേണ്ടത്

അടിയന്തരസ്വഭാവമുള്ള ചികിത്സമാത്രം ഈ ഘട്ടത്തിൽ തേടുക.

നേരിൽ ക്ലിനിക്കിലേക്ക് ചെല്ലുന്നതിന് മുമ്പ് ഡോക്ടറെ ഫോണിൽ ബന്ധപ്പെടുകയും രോഗവിവരങ്ങൾ അറിയിക്കുകയും ചെയ്യുക രോഗികളുടെ വിവരമറിഞ്ഞുള്ള സമ്മത ഫോമുകൾ പൂരിപ്പിച്ച് നൽകണം.

ഫോമിൽ കൊവിഡ് രോഗമില്ലെന്ന സത്യവാങ്മൂലം, ദന്തരോഗത്തിന്റെ വിശദാംശങ്ങൾ, പനി, ശരീരവേദന, ചുമ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, തൊണ്ടവേദന തുടങ്ങിയ പ്രയാസങ്ങൾ ഉണ്ടോയെന്ന വിവരങ്ങൾ നൽകണം.

45 ദിവസത്തിനുള്ളിലെ രോഗികളുടെയും അവരുടെ സഹവാസികളുടെയും ആഭ്യന്തര, അന്തർദേശീയ യാത്രകളുടെ വിശദാംശങ്ങളും നൽകണം.

ഡെന്റൽ ക്ളിനിക്കുകളിലെ മുൻകരുതൽ

ജീവനക്കാർക്ക് മൂന്നുലെയർ മുഖാവരണം, കൈയുറകൾ എന്നിവ നിർബന്ധം.

ഇടയ്ക്കിടെ സാനി​റ്റൈസർ, സോപ്പും വെള്ളം ഉപയോഗിച്ച് കൈകൾ ശുചിയാക്കൽ.

അണുവിമുക്തമായതും നീളം കൂടിയതുമായ ഗൗൺ, ഗോഗിളുകൾ, മൂന്നുലെയർ മുഖാവരണം എന്നിവ ധരിക്കും.

വൈറസ് സാന്നിധ്യം കുറയ്ക്കുന്നതിന് മൗത്ത് വാഷ് നൽകിയാണ് ചികിത്സ തുടങ്ങുന്നത്.