കൊച്ചി: കൊവിഡിന് പിന്നാലെ ചെല്ലാനത്തെ പ്രതിസന്ധിയിലാക്കി രൂക്ഷമായ കടലാക്രമണവും. ഇന്നലെ ഉച്ചയോടെ കലിതുള്ളിയ കടൽ നിരവധി വീടുകളെ ദുരിതത്തിൽ മുക്കി. കടൽകയറ്റത്തിൽ ഒരു വീട് പൂർണമായും നാലു വീടുകൾ ഭാഗികമായും തകർന്നു. വേലിയേറ്റം ശക്തമായതോടെ തീരദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവന്നു. ക്യാമ്പുകളിൽ കൂടുതൽ പേരെ താമസിപ്പിക്കാൻ സൗകര്യമില്ലാത്ത് വെല്ലുവിളിയായട്ടുണ്ട്. താൽക്കാലികമായി ജിയോ ട്യൂബ് ഭിത്തികൾ നിർമ്മിച്ചെങ്കിലും അവ ശാശ്വതമല്ല. പലയിടത്തും ജിയോ ബാഗുകൾ തകർന്ന അവസ്ഥയിലാണ്. ചെല്ലാനം ബസാർ, വേളാങ്കണി, ഒറ്റമശേരി തീരദേശങ്ങൾ പതിവായി കടൽക്ഷോഭം അനുഭവപ്പെടുന്ന മേഖലകളാണ്. അതേസമയം ചെല്ലാനത്ത് മാത്രം 500 ഓളം പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ മാത്രം 19 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ചെല്ലാനത്തെ രോഗ ബാധിതർ 211 ആയി.സമ്പർക്ക് ഭീതിയെ തുടർന്ന് ട്രിപ്പിൾ ലോക്ക് ഡൗണിലാണ് ചെല്ലാനം.
സമ്പർക്കത്തിലൂടെ വ്യാപനം
ചെല്ലാനത്ത് സമ്പർക്കത്തിലൂടെ കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. പുത്തൻതോട്, കണ്ണമാലി, ചെറിയകടവ് പ്രദേശങ്ങളിലും രോഗബാധിതരുണ്ട്. സൗദി, മുണ്ടംവേലി മേഖലകളുടെ സമീപപ്രദേശങ്ങളാണിവ. ജനസാന്ദ്രത കൂടിയ പ്രദേശമായതിനാൽ അതിവേഗം രോഗം പടരാൻ സാദ്ധ്യത കൂടുതലാണ്. പരിശോധ നടത്തിയവയിൽ ഫലങ്ങൾ പൂർണമായും ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. യഥാർത്ഥ കണക്കുകൾ മറച്ചുവയ്ക്കുന്നെന്ന് ഹൈബി ഈഡൻ എം.പി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ഹാർബറിൽ നിന്ന് വ്യാപനം
തൊഴിലുറപ്പ് തൊഴിലാളിയിലാണ് ചെല്ലാനത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ചെല്ലാനം ഹാർബറിൽ തൊഴിലാളിയായ ഇവരുടെ ഭർത്താവിന് പിന്നീട് കൊവിഡ് പോസിറ്റീവായി. ഇരുവരും ചെല്ലാനം ഹാർബർ സന്ദശിച്ചിരുന്നു. അരൂരിലെ മത്സ്യസംസ്‌കരണ ശാലയിലെ ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കടലോര മേഖലയിലെ ജീവിതത്തിന്റെ പ്രത്യേകതകളും രോഗം പടരുന്നതിന് കാരണമായി.
കൂടുതൽ മൊബൈൽ യൂണിറ്റുകൾ
കൊവിഡ് വ്യാപനം ശക്തമായ ചെല്ലാനം ക്ലസ്റ്ററിൽ സാംപിൾ ശേഖരിക്കാൻ രണ്ടു മൊബൈൽ യൂണിറ്റുകളെ കൂടി നിയോഗിച്ചു. ചെല്ലാനം, കണ്ടക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി 24മണിക്കൂർ ടെലി മെഡിസിൻ സേവനവും സജ്ജമാണ്. കണ്ണമാലി സെന്റ ആന്റണീസ് പള്ളി പാരിഷ് ഹാളിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രവും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.