കൊച്ചി: നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്തിലെ സുപ്രധാന കണ്ണിയും ഈ കേസിലെ മൂന്നാം പ്രതിയുമായ ഫൈസൽ ഫരീദ് ദുബായിൽ പിടിയിലായതോടെ അന്വേഷണം നിർണായക വഴിത്തിരിവിൽ. രണ്ടു ദിവസം മുമ്പുതന്നെ ദുബായ് റാഷിദിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ദുബായ് പൊലീസിന്റെ ചോദ്യം ചെയ്യലിനു ശേഷം, ഇയാൾ കസ്റ്റഡിയിലുള്ള വിവരം യു.എ.ഇ അധികൃതർ ഇന്നലെയാണ് ഇന്ത്യൻ വിദേശമന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചത്. ദുബായിലെത്തുന്ന എൻ.ഐ.എ സംഘം നയതന്ത്ര നിയമങ്ങളനുസരിച്ച് ഫൈസലിനെ ഏറ്റുവാങ്ങി കൊച്ചിയിലേക്ക് കൊണ്ടുവരും.
യു. എ. ഇയിൽ മറ്റൊരു രാജ്യത്തെ പൗരൻ കുറ്റകൃത്യത്തിന് പിടിയിലായാൽ നാടുകടത്തുകയാണ് പതിവ്. സ്വർണക്കടത്തു കേസ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതിനാൽ ഫൈസലിനെ നാടുകടത്താനാവില്ല. ഇന്റർപോളിന്റെ സഹായത്തോടെ ഇവിടെ നിന്നുള്ള അന്വേഷണസംഘത്തിന് കൈമാറാനേ കഴിയൂ. എൻ.ഐ.എ സംഘമെത്തി ഏറ്റുവാങ്ങുന്നതുവരെ ഫൈസലിനെ അവിടെ തടവിൽ സൂക്ഷിക്കും. അതേസമയം, രണ്ട് എൻ.ഐ.എ ഉദ്യോഗസ്ഥർ ദുബായിൽ എത്തിയതായും സൂചനയുണ്ട്. കൈമാറ്റ നടപടികൾ ഇന്നു തന്നെ പൂർത്തിയായേക്കും.
ഒന്നും രണ്ടും പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, നാലാം പ്രതി സന്ദീപ് നായർ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇനി കേസിന്റെ ഗതി നിർണയിക്കുന്നത് ഫൈസലിനെ ചോദ്യം ചെയ്യുമ്പോൾ ലഭിക്കുന്ന വിവരങ്ങളാകും. സ്വർണക്കടത്ത് യു.എ.ഇയും അന്വേഷിക്കുന്നതിനാൽ ഫൈസലിനെ ദുബായ് പൊലീസ് വിശദമായി ചോദ്യം ചെയ്തതായാണ് വിവരം. സംഭവത്തിൽ തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന്റെ പങ്കും വ്യക്തമാകേണ്ടതുണ്ട്. തൃശൂർ കൈപ്പമംഗലം സ്വദേശിയാണ് മുപ്പത്തിയഞ്ചുകാരനായ ഫൈസൽ.
@സ്വർണം അയച്ചത് ഫൈസൽ
യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്രചാനൽ വഴി ദുബായിൽ നിന്ന് സ്വർണം അയച്ചത് ഫൈസലാണ്. അതിന് അനുമതി നൽകുന്ന അറ്റാഷെ റാഷിദ് ഖാമിസിന്റെ കത്തും പുറത്തുവന്നിരുന്നു. കത്ത് വ്യാജമായി നിർമ്മിച്ചെന്നാണ് സംശയം. വ്യാജരേഖ നിർമ്മാണം, ഭീകരപ്രവർത്തനങ്ങൾക്കുള്ള സഹായം, സ്വർണക്കടത്തിലെ പങ്കാളിത്തം എന്നിവയാണ് എൻ.ഐ.എ പ്രധാനമായും ചോദിച്ചറിയുക. ഫൈസൽ ചെയ്‌തത് അതീവഗുരുതരമായ കുറ്റമാണെന്ന് ദുബായ് പൊലീസ് ഇന്റർപോൾ വഴി എൻ.ഐ.എയെ അറിയിച്ചു. ഫൈസലുമായി ദുബായിൽ നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി സ്വപ്ന, സരിത്ത്, സന്ദീപ് നായർ എന്നിവർ അന്വേഷണ ഏജൻസികളോട് സമ്മതിച്ചിരുന്നു. എന്നാൽ, ദുബായിൽ ആർക്കു വേണ്ടിയാണ് ഫൈസൽ സ്വർണം കടത്തിയതെന്ന് എൻ.ഐ.എയുടെ ചോദ്യം ചെയ്യലിലേ വ്യക്തമാകൂ.
അതിവേഗം
എൻ.ഐ.എ
എൻ.ഐ.എ ചോദ്യം ചെയ്യുന്ന സ്വപ്‌നയുടെയും സന്ദീപ് നായരുടെയും കസ്‌റ്റഡി നാളെ അവസാനിക്കും. അതിനു മുമ്പ് ഫൈസലിനെ കൊച്ചിയിലെത്തിക്കാനുള്ള അതിവേഗ നീക്കങ്ങളിലാണ് എൻ.ഐ.എ. കഴിഞ്ഞ വർഷം ജൂൺ മുതൽ ഇതുവരെ നയതന്ത്ര ചാനൽ വഴി 23 തവണയായി 230 കിലോ സ്വർണം കടത്തിയെന്നാണ് സ്വപ്‌നയും സരിത്തും കസ്റ്റംസിന് നൽകിയ മൊഴി. മറ്റു ചിലർക്കു വേണ്ടിയും സ്വപ്നയും സരിത്തും സ്വർണം കടത്തിയെന്ന് വെളിപ്പെട്ടതിനാൽ ഫൈസലിന്റെ പങ്ക് ചോദ്യംചെയ്യലിൽ വ്യക്തമാകും.