കൊച്ചി: പ്ളസ് ടു പഠനം കഴിഞ്ഞ് ദുബായിലെത്തിയ ഫൈസൽ ജോലിക്കൊപ്പം ഉപരിപഠനവും നടത്തി. ബിസിനസുകളിലേക്ക് കടന്നതോടെ സഹോദരങ്ങളെയും കുടുംബത്തെയും ദുബായിലെത്തിച്ചു. തൃശൂർ കൈപ്പമംഗലം മൂന്നുപീടിക പെരിഞ്ഞനം പുത്തൻപള്ളിഭാഗത്ത് തേപ്പറമ്പിൽ പരീതിന്റെ മകനാണ് ഫൈസൽ. പിതാവിന് ദുബായ് മുനിസിപ്പാലിറ്റിയിലായിരുന്നു ജോലി.
ദുബായിൽ ഫൈസൽ പല ജോലികൾ ചെയ്തു. കാർ റേസിംഗിലായിരുന്നു കമ്പം. ഇതിലൂടെ രാജകുടുംബാംഗങ്ങളുമായി ബന്ധത്തിലായി. അവരുടെ തണലിൽ ആഡംബര കാറുകളുടെ ഗാരേജ് തുടങ്ങി. ഫൈസലിന്റെ ദുബായിലെ ജിംനേഷ്യം ഉദ്ഘാടനം ചെയ്‌തത് ബോളിവുഡ് നടനാണ്. ദുബായിലെത്തുന്ന സിനിമാതാരങ്ങൾക്ക് എല്ലാ സഹായവും ചെയ്‌തുകൊടുത്തിരുന്നു. സിനിമാ നിർമ്മാണത്തിലും പണം മുടക്കിയെന്ന സൂചനകളെത്തുടർന്ന് ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്. ദുബായ് റാഷിദിയ്യയിലെ സ്വന്തം വില്ലയിലാണ് താമസം.
നാട്ടിൽ അരക്കോടിയുടെ കടക്കാരൻ
കൊടുങ്ങല്ലൂർ പെരിഞ്ഞനത്ത് 50 സെന്റിൽ ഫാസിലിന് രണ്ടു വീടുകളുണ്ട്. ഒരെണ്ണം വാടകയ്ക്ക് നൽകി. മറ്റേത് അടഞ്ഞുകിടക്കുകയാണ്. ഇവിടെയാണ് കസ്‌റ്റംസ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്. ഈ സ്ഥലം അരക്കോടിയുടെ ബാങ്ക് വായ്പയിൽ ജപ്തി ഭീഷണിയിലാണ്. നാട്ടിൽ ആരുമായും ഫാസിലിന് അടുപ്പമില്ല. അടുത്തകാലത്തൊന്നും നാട്ടിലെത്തിയതായി ആർക്കുമറിയില്ല.
--