കോലഞ്ചേരി: ആധാർ ബന്ധിപ്പിക്കാത്ത റേഷൻ കാർഡുകാർക്ക് അടുത്ത മാസം മുതൽ റേഷനില്ല. കാർഡിലുള്ള മരിച്ചവരേയും ഉടനടി മാറ്റണം.റേഷൻ മുൻഗണനാ പട്ടികയിൽനിന്ന് അനർഹരെ ഒഴിവാക്കാനും നടപടി തുടങ്ങി. അനർഹർ സ്വയം ഒഴിവായില്ലെങ്കിൽ 50,000 രൂപ പിഴയും ഒരു വർഷം വരെ തടവും ലഭിക്കുന്ന കു​റ്റം ചുമത്താനാണ് തീരുമാനം. അന്ത്യോദയ, അന്നയോജന (മഞ്ഞ), മുൻഗണന (പിങ്ക്) കാർഡുകളിൽ അനർഹമായി റേഷൻ വിഹിതം കൈപ്പ​റ്റുന്നവരിൽ നിന്നും കാർഡുകൾ പിടിച്ചെടുത്ത് നാളിതുവരെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോള വില ഈടാക്കും. മുൻഗണനാ പട്ടികയിലുള്ള കേന്ദ്ര, സംസ്ഥാന ജീവനക്കാർ, അദ്ധ്യാപകർ,പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുള്ളവർ, സർവീസ് പെൻഷൻകാർ, 1,000 ചതുരശ്ര അടിയ്ക്കു മുകളിലുള്ള വീടോ ഫ്ലാ​റ്റോ സ്വന്തമായുള്ളവർ, ആദായ നികുതി അടയ്ക്കുന്നവർ, പ്രതിമാസ വരുമാനം 25,000 രൂപയ്ക്കു മുകളിലുള്ളവർ എന്നിവർക്കെതിരെയാകും നടപടി വരിക. അനർഹമായി മഞ്ഞ, പിങ്ക് കാർഡുകൾ കൈവശം വച്ചിരിക്കുന്നവർ മുൻഗണനാ പട്ടികയിൽനിന്നു സ്വയം ഒഴിവാകാൻ താലൂക്ക് സപ്ലൈ ഓഫിസുകളിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകണം. കൊവിഡ് പശ്ചാത്തലത്തിൽ സപ്ലൈ ഓഫീസുകളുടെ ഇമെയിൽ വിലാസത്തിൽ അപേക്ഷിച്ചാലും മതി.