പള്ളുരുത്തി: പള്ളുരുത്തി കച്ചേരിപ്പടി മാർക്കറ്റും പൂട്ടി. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നഗരസഭയുടെ നടപടി. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് മാർക്കറ്റ് അടപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കച്ചേരിപ്പടി ചന്തയ്ക്കും പൂട്ട് വീണത്. ചെല്ലാനം ഹാർബർ പൂട്ടിയതോടെ ഈ ഭാഗത്തെ വള്ളക്കാർ കൂട്ടമായി പെരുമ്പടപ്പ് മാർക്കറ്റിലെത്തി വില്പന നടത്തിയിരുന്നു. തുടർന്നാണ് പെരുമ്പടപ്പ് മാർക്കറ്റ് അടയ്ക്കാൻ അധികൃതർ തീരുമാനിച്ചത്. കോണം, മട്ടാഞ്ചേരി തുരുത്തി, കൊല്ലശേരി റോഡ്, കല്ലു ചിറ, തുടങ്ങിയ ഭാഗങ്ങളിലെ ഫിഷ് ലാന്റിംഗ് സെന്ററുകൾക്കും നേരത്തെ അടച്ചിരുന്നു. ദിനംപ്രതി നൂറോളം വള്ളക്കാരാണ് ഈ ഭാഗങ്ങളിലെത്തി മത്സ്യം ലേലം ചെയ്തിരുന്നത്.അതേസമയം പോളക്കണ്ടം, നസറേത്ത്, പള്ളുരുത്തി വെളി, കൊന്തേ തുടങ്ങിയ മാർക്കറ്റുകളിൽ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്. ജില്ലയിൽ അഞ്ച് പേരിൽ കൂടുതൽ ആളുകൾ എത്തി സാമൂഹിക അകലം പാലിക്കാതെ മീൻ, പച്ചക്കറി, ഇറച്ചി എന്നിവ വാങ്ങുന്ന മാർക്കറ്റുകൾ ഉണ്ടെങ്കിൽ മുന്നറിയിപ്പില്ലാതെ അടച്ചു പൂട്ടുമെന്നാണ് അധികൃതർ അറിയിച്ചു.

സാമൂഹ്യ അകലം പാലിക്കാതിരിക്കുകയോ മസ്ക്ക് ധരിക്കാതെയോ ശുചിത്വം പാലിക്കാതെയോ മാർക്കറ്റുകൾ പ്രവർത്തിച്ചാൽ മുന്നറിയിപ്പില്ലാതെ അടച്ച് പൂട്ടും.

കെ.ആർ.പ്രേമകുമാർ

ഡപ്യൂട്ടി മേയർ

കൊച്ചി നഗരസഭ