കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണത്തിലുള്ളവരെ പരിശോധനക്ക് കൊണ്ടു പോകാൻ പ്രത്യേക വാഹനം തയ്യാറാക്കി. വാഹനത്തിന്റെ അകം രണ്ട് ഭാഗങ്ങളായി പ്രത്യേകം തിരിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകളിൽ ഈ വാഹനത്തിന്റെ സൗകര്യം ലഭ്യമാക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മരുന്നും പ്രതിരോധ പ്രവർത്തനത്തിന്റെ ഉപകരണങ്ങളും വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് നീക്കിവച്ചിരുന്നു.ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ സജീവ് ആന്റണി വാഹനം ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് അംഗങ്ങളായ ഉഷ പ്രദീപ്, നെൽസൻ കോച്ചേരി, മെഡിക്കൽ ഓഫീസർ അനില കുമാരി, ഹെൽത്ത് സൂപ്രണ്ട് സജികുമാർ തുടങ്ങിയവർ പങ്കെടുത്തു.