fireforce
അണുനാശിനി നിറച്ചതിനെ തുടർന്ന് തകരാറിലായ ആലുവ അഗ്നിശമന സേനയുടെ ഹൈപ്രഷർ വാട്ടർ മിസ്റ്റ് വാഹനം

ആലുവ: മഹാമാരിക്കാലത്തും രോഗശയ്യയിൽ ആലുവ അഗ്നിശമന സേനാ വിഭാഗം. ഇതിനിടയിൽ അണുനശീകരണത്തിന് എത്തുന്നില്ലെന്ന നാട്ടുകാരുടെ ആക്ഷേപം കൂടി കേൾക്കേണ്ടി വരുന്നത്.എടയാർ, നാലാമൈൽ വ്യവസായ മേഖലകൾ ഉൾപ്പെടെയുള്ള ആലുവ അഗ്നിശമന സേനാ വിഭാഗത്തിന് എട്ട് മാസം മുമ്പ് ലഭിച്ച ഹൈപ്രഷർ വാട്ടർ മിസ്റ്റ് സംവിധാനവും രണ്ട് സാധാരണ ഫയർ എൻജിനുകളുമാണുള്ളത്. ഇതിന് പുറമെ 15 ലിറ്റർ വെള്ളം നിറക്കാൻ കഴിയുന്ന ഒരു സിലിണ്ടറും.കണ്ടെയ്ൻമെന്റ് സോണുകൾ അണുവിമുക്തമാക്കുന്നതിന്റെ ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് അഗ്നിശമന സേന വിഭാഗം പറയുന്നത്. അഗ്നിശനമ സേനയിൽ ആർക്കെങ്കിലും രോഗം ബാധിച്ചാൽ സേനയെ ഒന്നടങ്കം ബാധിക്കുന്ന സ്ഥിതിയുണ്ടാകും. അങ്ങനെയുണ്ടായാൽ മറ്റ് ദുരന്തസ്ഥലത്ത് സേവനം നൽകാനാകില്ല. അതിനാലാണ് വിട്ടനിൽക്കുന്നത്.

അണുനശീകരണത്തിന് എത്തുന്നില്ലെന്ന ആക്ഷേപം

നിലവിൽ ആലുവ അഗ്നിശമന സേനയിൽ രണ്ട് ഫയർ എൻജിനുകളും വെള്ളം നിറച്ച് കൊണ്ടുപോകാൻ മാത്രമെ കഴിയൂ. തീപിടുത്തമുണ്ടായാൽ ഫോഴ്സിൽ വെള്ളം പമ്പ് ചെയ്യാൻ കഴിയില്ല. ഇതിനിടയിലാണ് കൊവിഡ് ബാധിതരുടെ വീടുകളും പരിസരവും അണുവിമുക്തമാക്കാൻ ജനപ്രതിനിധികളുടെ ഉൾപ്പെടെ വിളിയെത്തുന്നത്.

തകരാറിൽ ഹൈപ്രഷർ വാട്ടർ മിസ്റ്റ്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അണുനാശിനി നിറച്ചതോടെ രണ്ട് മാസം മുമ്പാണ് ഹൈപ്രഷർ വാട്ടർ മിസ്റ്റ് സംവിധാനത്തിലെ മോട്ടർ പ്രവർത്തന രഹിതമായത്. മോട്ടറിന് രണ്ട് വർഷം ഗ്യാരണ്ടിയുണ്ടെങ്കിലും അണുനാശിനി നിറച്ചതിനാൽ ലഭിക്കില്ലെന്ന് കമ്പനി അറിയിച്ചതോടെയാണ് പണിയായത്. തുടർന്ന് പുതിയ മോട്ടർ ഏഴ് ലക്ഷത്തോളം രൂപ നൽകി വാങ്ങേണ്ട അവസ്ഥയിലാണ്. ഇതിനുള്ള നടപടികൾ ഡിപ്പാർട്ടുമെന്റ് തലത്തിൽ നടക്കുകയാണ്.
400 ലിറ്റർ വെള്ളവും 50 ലിറ്റർ ഫോമും നിറക്കാൻ സൗകര്യമുള്ള വാഹനമാണിത്. കൊവിഡ് കാലത്ത് അഗ്നിശമന സേനയുടെ 22 ഓളം വാഹനങ്ങൾ ഇത്തരത്തിൽ തകരാറിലായിട്ടുണ്ട്.