കൊച്ചി: ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് ലംഘനം ആരോപിച്ച് മന്ത്രി കെ.ടി ജലീലിനെതിരെ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി പ്രധാനമന്ത്രിക്ക് പരാതി നൽകി.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം പുറത്തുവന്നതിനെ തുടർന്ന് ഫെറ ലംഘനത്തിന്റെ തെളിവുകൾ മന്ത്രിതന്നെ പുറത്തുവിട്ട് കുറ്റസമ്മതം നടത്തിയതായ് പരാതിയിൽ പറയുന്നു. യു.എ.ഇ കോൺസൽ ജനറലുമായി നേരിട്ട് ഇടപാടുകൾ നടത്തിയത് ചട്ടലംഘനമാണ്.
ഫെറ നിയമത്തിന്റെ ചട്ടം മൂന്ന് അനുസരിച്ച് നിയമനിർമ്മാണ സഭാംഗങ്ങൾ പണമായോ അല്ലാതെയോ വിദേശസഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ട്. മന്ത്രിയുടെ നടപടി പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിലെ പതിനെട്ടാം അദ്ധ്യായത്തിന് വിരുദ്ധവും ഫെറ ആക്ട് മുപ്പത്തഞ്ചാം വകുപ്പിന്റെ ലംഘനവുമാണ്.