തൃക്കാക്കര: കാക്കനാട് സീ പോർട്ട് എയർ പോർട്ട് റോഡ് കൈയേറി കെട്ടിട നിർമ്മാണം നടത്തുന്നതായി പരാതി. ഭാരത് മാതാ കോളേജിനും വള്ളത്തോൾ ജംഗ്ഷനും ഇടയിലായാണ് റോഡിന്റെ ഒരുഭാഗം കൈയേറി നിർമ്മിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരെല്ലാം കൊവിഡുമായി ബന്ധപ്പെട്ട് പ്രതിരോധപ്രവർത്തനത്തിൽ മുഴുകുന്നതിനിടെയാണ് അനധികൃത നിർമ്മാണം. ബസ് സ്റ്റോപ്പ് നിർമ്മാണമാണെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്.എന്നാൽ നിർമ്മാണം പൂർത്തിയായപ്പോഴാണ് കടമുറിയാണെന്ന് തിരിച്ചറിഞ്ഞത്.സംഭവത്തിൽ ബി.ജെ.പി തൃക്കാക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ അടക്കമുള്ളവർക്ക് പരാതി നൽകി.തൃക്കാക്കര നഗരസഭ പ്രദേശത്ത് വഴിയോരക്കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.തൃക്കാക്കരയുടെ പ്രധാന റോഡുകളായ ചെമ്പുമുക്ക് -പടമുകൾ -സീപോർട്ട് എയർ പോർട്ട് റോഡ്, ഐ.എം.ജി, കളക്ടറേറ്റ് ജംഗ്ഷനുകൾ തുടങ്ങിയ പ്രദേശങ്ങളിൽ നടപ്പാത വരെ കൈയേറി കച്ചവടം നടത്തുന്നുണ്ട്.