കൊച്ചി: സോഷ്യൽ മീഡിയയെ സാമൂഹ്യ പ്രവർത്തനത്തിന്റെ കണ്ണിയാക്കി മാറ്റണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പറഞ്ഞു. കേരള പ്രദേശ് ഗാന്ധിദർശൻവേദി ഐ.ടി സെൽ സംഘടിപ്പിച്ച 'സാമൂഹ്യ പ്രവർത്തനവും സോഷ്യൽ മീഡിയയും' എന്ന വിഷയത്തിൽ സംസ്ഥാനതല വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധാർമ്മികമൂല്യം ഉയർത്തിപ്പിടിച്ച് കാഴ്ചപ്പാടോടെ സാമൂഹികരംഗത്തും പൊതുരംഗത്തും സോഷ്യൽ മീഡിയ പ്രയോജനകരമായി ഉപയോഗിക്കണം. സോഷ്യൽ മീഡിയയിലൂടെ സാമൂഹിക പ്രവർത്തനത്തിനാവണം ഊന്നൽ നൽകേണ്ടത്. ഒരു മാദ്ധ്യമം എന്ന നിലയിൽ പോസിറ്റീവായി ഇതിനെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.ടി സെൽ ചീഫ് കോ ഓർഡിനേറ്റർ മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ്കുമാർ ആമുഖപ്രഭാഷണം നടത്തി. രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ വിഷയാവതരണവും മുഖ്യപ്രഭാഷണവും നടത്തി.
കെ.പി.സി.സി. ഐ.ടി. സെൽ ട്രെയ്‌നർ മോജു മോഹൻ ക്ലാസ് നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ, ഡോ. എഡ്വേർഡ് എടേഴത്ത്, എം.പി. ജോർജ്, കെ.ആർ. നന്ദകുമാർ , ഷാജഹാൻ എം.എം, ജോസഫ് തോമസ് എന്നിവർ പ്രസംഗിച്ചു.