നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയിലെ അഴിമുതിയുമായി ബന്ധപ്പെട്ട് അഞ്ച് സി.പി.എം നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ നെടുമ്പാശേരി ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു. ഏരിയ സെന്റർ അംഗം തമ്പിപോൾ, ലോക്കൽ സെക്രട്ടറി സണ്ണി പോൾ, ഡി.വൈ.എഫ്.ഐ ബ്ളോക്ക് സെക്രട്ടറി എ.കെ. ഷിജു, ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്തംഗവുമായ സിദ്ധാർത്ഥൻ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാനും ബ്രാഞ്ച് സെക്രട്ടറി ബെഹനാൻ എ. അരീക്കലിനെ പുറത്താക്കാനുമാണ് തീരുമാനിച്ചത്. ജില്ലാ കമ്മിറ്റിയുടെ അംഗീകരത്തിന് വിധേയമായി തീരുമാനം നടപ്പാക്കും.

പഞ്ചായത്ത് ഭരണസമിതിക്കെതിരെ അഴിമതി ആരോപണം ഉയർന്നപ്പോൾ ആദ്യം നിഷേധവുമായി രംഗത്തുവന്നെങ്കിലും കോൺഗ്രസ്, ബി.ജെ.പി കക്ഷികൾ നിരന്തര ആരോപണവുമായി സമര രംഗത്ത് വന്നതോടെ ഏരിയ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയായിരുന്നു. ഇ.എം. സലീം, എം.ആർ. സുരേന്ദ്രൻ, കെ.എസ്. രാജേന്ദ്രൻ എന്നിവരായിരുന്നു അന്വേഷണ സമിതി അംഗങ്ങൾ. നടപടി സംബന്ധിച്ച നിർദ്ദേശത്തെ ഏരിയ കമ്മിറ്റിയിലെ ചില അംഗങ്ങൾ എതിർത്തെങ്കിലും ഭൂരിഭാഗവും അനുകൂലിച്ചു. അഴിമതി വിവരവും അന്വേഷണ കമ്മീഷൻ രൂപീകരിച്ച വിവരവുമെല്ലാം മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന കുറ്റമാണ് ബെഹനാനെതിരെ ചുമത്തിയത്. മറ്റുള്ളവർ അടുക്കള നടത്തിപ്പിൽ ജാഗ്രത പാലിച്ചില്ലെന്നാണ് കണ്ടെത്തിയത്.