കിഴക്കമ്പലം: കുന്നത്തുനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചതിനാൽ പഞ്ചായത്തിലെ രണ്ടു വാർഡുകൾ കണ്ടൈൻമെന്റ് സോണാക്കി. മൂന്നാം വാർഡിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചതോടെ എരുമേലി രണ്ടാം വാർഡും, പറക്കോട് മൂന്നാം വാർഡുമാണ് കണ്ടൈൻമെന്റ് സോണാക്കിയത്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക നീളാനും ഇടയുണ്ട്. ഇതിനോടകം രണ്ടാം വാർഡിലെ 12 പേരും, മൂന്നാം വാർഡിലെ 10 പേരും ക്വാറന്റൈനിലായി. പെട്ടി ഓട്ടോ ഡ്രൈവറുടെ കുടുംബത്തിനാണ് രോഗ ബാധ. ആലുവ മാർക്കറ്റിലെ യൂണിയൻ തൊഴിലാളിയായ ഇദ്ദേഹത്തിന്റെ ഭാര്യ സഹോദരനിൽ നിന്നുമാണ് രോഗബാധയുണ്ടായത്. ക്വാറന്റൈനിലായ ഇവരുടെ വീട്ടിൽ ഭാര്യ സന്ദർശനം നടത്തിയിരുന്നു. ഇന്നലെ രാത്രി 12 മണിയോടെ രണ്ടു വാർഡുകളും പൊലീസ് പൂർണമായി അടച്ചു. മെഡിക്കൽ സ്റ്റോർ, ആശുപത്രികളൊഴിച്ച് പഞ്ചായത്ത് നിർദ്ദേശിക്കുന്ന ഒറ്റപ്പെട്ട സ്ഥലത്തുള്ള പച്ചക്കറി, പലചരക്ക് കടകൾക്ക് മാത്രമാണ് പ്രവർത്തന അനുമതിയുള്ളത്.