ആലുവ: കണ്ടെയ്ൻമെന്റ് സോണായ ആലുവ നഗരസഭയിലെ 26ാം വാർഡിൽ മരിച്ച വയോധികയെ കാണാൻ 150ലേറെ ആളുകളെത്തിയ സംഭവത്തിൽ ആലുവ പൊലീസും ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു.

മരിച്ച സ്ത്രീയുടെ ബന്ധുക്കളുടേയും സുഹൃത്തുകളുടേയും അയൽവാസികളേയും വിവരങ്ങൾ ശേഖരിക്കുകയാണ്. മരണ വീട്ടിൽ എത്തിയവരോടും ചടങ്ങിൽ പങ്കെടുത്തവരോടും സ്വയം ക്വാറന്റൈനിലേയ്ക്ക് പോകാൻ ആരോഗ്യ വിഭാഗം നിർദേശിച്ചിട്ടുണ്ട്. തോട്ടക്കാട്ടുകര സ്വദേശിനിയായ 72 കാരി വെള്ളിയാഴ്ച്ച വൈകിട്ടാണ് മരിച്ചത്. ആറ് മണിയോടെ മൃതദേഹം കബറടക്കി. മകനും പേരക്കുട്ടിയ്ക്കും കൊവിഡ് പോസിറ്റീവാണെന്ന പരിശോധനാഫലം ഏഴ് മണിയോടെ എത്തിയതോടെ ഇരുവരേയും ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.

കണ്ടെയ്ൻമെന്റ് സോണിലെ മരണവിവരം കൃത്യമായി നഗരസഭ അധികൃതരെ അറിയിച്ചില്ലെന്ന് ചെയർപേഴ്‌സൺ ലിസി എബ്രഹാം പറഞ്ഞു. മക്കളും പേരക്കുട്ടിയും അടക്കം കൊവിഡ് പരിശോധനയ്ക്ക് സ്രവം നൽകിയിട്ടും കൂടുതൽ ആളുകളുടെ സാന്നിദ്ധ്യത്തിൽ മരണാന്തരക്രിയ നടത്തിയത് ഗുരുതരമായ വീഴ്ചയാണ്.
മരണവീട്ടിലെ കുടുംബാംഗങ്ങൾക്ക് ജാഗ്രതക്കുറവുണ്ടായെന്ന് അൻവർസാദത്ത് എം.എൽ.എ പറഞ്ഞു. മരണവീട്ടിൽ കൊവിഡ് പോസിറ്റീവായവരുമായി അടുത്തിടപഴകിയവരുടെ പട്ടിക തയ്യാറാക്കുകയാണ്. ഇവരുടെ സ്രവ പരിശോധന നടത്താൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടുമെന്നും എം.എൽ.എപറഞ്ഞു.