ആലുവ: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ചരിത്രത്തിൽ ആദ്യമായി കർക്കിടകവാവ് ബലിത്തർപ്പണം ഇല്ലാതെ ആലുവ മണപ്പുറവും അദ്വൈതാശ്രമവും. മഹാപ്രളയം നടന്ന 2018ലും കഴിഞ്ഞ പ്രളയകാലത്തും വരെ മുടക്കമില്ലാതെ മണപ്പുറത്തെ ബലിതർപ്പണം നടന്നിരുന്നു.
എന്നാൽ കൊവിഡ് മഹാമാരി ലോകത്തെയാകെ കീഴ്‌മേൽ മറിച്ചപ്പോൾ കർക്കിടകവാവ് ബലിതർപ്പണവും മുടങ്ങുകയായിരുന്നു. മണപ്പുറത്ത് തിരുവതാംകൂർ ദേവസ്വം ബോർഡും അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റുമാണ് തർപ്പണ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്. മണപ്പുറത്തേക്ക് ഇറങ്ങുന്ന ആൽത്തറക്ക് സമീപം ദിവസങ്ങൾക്ക് മുമ്പേ ദേവസ്വം ബോർഡ് ഗേറ്റ് അടച്ചിരുന്നു. ഇന്നലെ തോട്ടക്കാട്ടുകരയിൽ മണപ്പുറം റോഡിൽ പൊലീസ് ബാരിക്കേഡും മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചു.
നിത്യേന ബലിത്തർപ്പണമുള്ള മണപ്പുറത്ത് കഴിഞ്ഞ നാല് മാസങ്ങൾക്കിടയിൽ ഒരു മാസം മാത്രമാണ് ബലിത്തർപ്പണം നടന്നത്. മാർച്ച് മാസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ക്ഷേത്രം അടയ്ക്കുകയും ബലിതർപ്പണം നിറുത്തുകയും ചെയ്തിരുന്നു. പിന്നീട് ഉപാധികളോട ക്ഷേത്രം തുറന്നപ്പോൾ ഒരു മാസത്തോളം ബലിത്തർപ്പണം നടന്നു.
2013, 2018 വർഷങ്ങളിലെ വെള്ളപ്പൊക്കത്തെ തുടർന്ന് മണപ്പുറം മുങ്ങിയതോടെ ബലിതർപ്പണം റോഡിലാണ് നടത്തിയത്. വീട്ടിൽ തർപ്പണം നടത്തുന്നവർ തലേന്ന് ഒരിക്കലെടുത്ത് കുളിച്ച് ബലിച്ചോറ് തയ്യാറാക്കി വാഴയിലയിൽ വെച്ച് കാക്കകളെ മൂന്ന് തവണ കൈകൊട്ടി വിളിച്ച് ഊട്ടണമെന്ന് മണപ്പുറം മഹാദേവ ക്ഷേത്രം മേൽശാന്തി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരി പറഞ്ഞു.