ആലുവ: ദേശീയപാതയിൽ അത്താണിയിൽ വാഹനാപകടത്തിൽ മരിച്ച ചൂർണിക്കര തായിക്കാട്ടുകര പൊന്മണി വീട്ടിൽ പി.വി. ജെയ്‌സന് (48) കൊവിഡ് സ്ഥിരീകരിച്ചു. കളമശേരി മെഡിക്കൽ കോളേജിലാണ് സ്രവം പരിശോധിച്ചത്. ജെയ്‌സണുമായി ബന്ധമുണ്ടായിരുന്ന നിരവധി പേർ ക്വാറന്റൈനിൽ പോയി.
അത്താണി വിമാനത്താവള റോഡിൽ വെള്ളിയാഴ്ച രാത്രി ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം. അങ്കമാലിയിലെ ജ്വല്ലറി ജീവനക്കാരനാണ് ജെയ്‌സൺ. ഒപ്പം ജോലി ചെയ്തിരുന്നവരും ക്വാറന്റൈനിലാണ്. ജെയ്‌സന്റെ വീട്ടുകാരും അപകടവിവരമറിഞ്ഞ് ആദ്യം ആശുപത്രിയിലെത്തിയവരും സ്വയം ക്വാറന്റൈനിൽ പോയി. ഇരുനൂറോളം പേരാണ് ക്വാറന്റൈനിൽ കഴിയുന്നത്.
കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിനുശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്നലെ വൈകിട്ട് ആലുവ സെന്റ് ഡൊമനിക് പള്ളിയിൽ സംസ്‌കരിച്ചു.