കോതമംഗലം : വനാന്തരങ്ങളിലെ ആനത്താരകൾ അടഞ്ഞു. കുട്ടമ്പുഴയിലെ ജനവാസ മേഖലകളിലേക്ക് കാട്ടനക്കൂട്ടം വരവ് തുടരുന്നു. ഇന്നലെ വെളുപ്പിന് നാലുമണിയോടെയാണ് പത്തിലധികം കാട്ടാനകൾ കുട്ടിയാനകളമൊത്ത് കുട്ടമ്പുഴ ടൗണിനോട് ചേർന്ന് ഒഴുകുന്ന പെരിയാർ പുഴയിലെത്തിയത്. ടൗണിനോട് ചേർന്ന പുഴയോരത്ത് ചിന്നം വിളിയോടെ നീരാട്ടിനെത്തിയത് സമീപവാസികളെ ഭീതിയിലാഴ്ത്തി . കാട്ടാനകളുടെ നീരാട്ട്കാഴ്ച്ച വേറിട്ട അനുഭവമായെങ്കിലും ഏത് നിമിഷവും ടൗണിലേക്ക് ആനക്കൂട്ടം എത്തുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. മഞ്ഞിൽ പുഴയിലിറങ്ങിയ ആനകൾ വെള്ളത്തിൽ കളിച്ചും, നീന്തിയും മണിക്കൂറുകൾ ചെലവിട്ടു. കാണാനായി കുട്ടമ്പുഴ പാലത്തിൽ പുലർച്ചെ തന്നെ ജനങ്ങളും കൂടി. പുഴയരുകിൽ സമൃദ്ധമായി നിൽക്കുന്ന അമ ഇനം ഈറ്റ ആനകളുടെ ഇഷ്ടവിഭവമാണ്. ശക്തമായ ഒഴുക്കുള്ള വെള്ളത്തിൽ രണ്ടു കുട്ടിയാനകളെ കൊമ്പനും പിടിയാനയും ഇടം വലം നിന്നു സംരക്ഷിക്കുകയായിരുന്നു. യഥാസമയം ഫോറസ്റ്റ് വാച്ചർമാർ കാടുകൾ തെളിക്കാത്തതിനാൽ ആനത്താരകൾ അടയുന്നതും വനം കൈയേറ്റവും മൂലമാണ് ആനക്കൂട്ടങ്ങൾ വഴിതെറ്റി പതിവില്ലാത്ത മേഖലകളിൽ സന്ദർശനത്തിനെത്തുന്നത്.