കൊച്ചി: അടച്ചിട്ട ചമ്പക്കര മത്സ്യ മാർക്കറ്റ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി നഗരസഭ കൗൺസിലർ വി.പി.ചന്ദ്രൻ ജില്ല കളക്ടർ എസ്.സുഹാസിന് കത്ത് നൽകി. ജില്ലയിലെ പ്രധാന മത്സ്യമാർക്കറ്റുകളിൽ ഒന്നായ ഇവിടെ കയറ്റിയിറക്കും മറ്റ് അനുബന്ധ മേഖലകളിലുമായി നിരവധി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. സ്ത്രീകളടക്കമുള്ള നിരവധി മത്സ്യകച്ചവടക്കാരുടെയും തൊഴിലാളികളുടെയും ഉപജീവനമാർഗവും മാർക്കറ്റ് അടച്ചതോടെ നിലച്ചു. പലചരക്ക്, പച്ചക്കറി, ഇറച്ചി വ്യാപാരികളും കടകൾ പ്രവർത്തിക്കാത്തതിനാൽ പ്രതിസന്ധിയിലാണ്. മത്സ്യം വില്ക്കാനാവാതെ ഉൾനാടൻ മത്സ്യതൊഴിലാളികളും ദുരിതത്തിലാണ്.ഇക്കാര്യങ്ങൾ കണക്കിലെടുത്ത് ചമ്പക്കര മാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.