കൊച്ചി : ജില്ലയിലെ കൊവിഡ് വ്യാപനം തടയുന്നതിൽ സർക്കാരും ആരോഗ്യവകുപ്പും അനാസ്ഥ കാണിക്കുന്നതയി എസ്.ഡി.പി.ഐ ആരോപിച്ചു. ആയിരത്തോളം പേരിൽ പകുതിയിലധികം പേർക്കും പത്ത് ദിവസത്തിനിടയിലാണ് രോഗം ബാധിച്ചത്. ക്ലസ്റ്ററുകളിൽ രോഗം വ്യാപിക്കാതിരിക്കാൻ വേണ്ടത്ര ജാഗ്രത അധികൃതർ കാണിക്കുന്നില്ല. സാമൂഹ്യവ്യാപനഭീഷണി നിലനിൽക്കുമ്പോഴും പരിശോധനയുടെ എണ്ണം വർദ്ധിപ്പിക്കാത്തത് ആശങ്കാജനകമാണ്.
തൊണ്ണൂറ് ശതമാനവും സമ്പർക്ക രോഗികളുള്ള ചെല്ലാനം, ആലുവ, കീഴ്‌മാട് ക്ലസ്റ്ററുകളിൽ സർക്കാർ നടപടികളെക്കുറിച്ച് വ്യാപകപരാതികളുണ്ടെന്ന് ജില്ലാ പ്രസിഡന്റ് ഷെമീർ മാഞ്ഞാലി പറഞ്ഞു.
രോഗികൾക്ക് ഒരുക്കുന്ന ചികിത്സാസൗകര്യം ശരാശരി ജനറൽ ആശുപത്രിളിലേക്കാൾ താഴെയാണ്. പലയിടത്തും പൊതുടോയ്‌ലറ്റ് ആണുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക പരിഗണന ലഭിക്കുന്നില്ല. ഭക്ഷണത്തെക്കുറിച്ചും പരാതികളുണ്ട്. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.