അഭ്യർത്ഥന ഏറ്റെടുത്ത് സുമനസുകൾ
മൂവാറ്റുപുഴ: കളക്ടറുടേയും തഹസിൽദാരുടേയും അഭ്യർത്ഥന ജനം ഏറ്റെടുത്തു. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെറ്ററുകളിലേക്കുള്ള ആശവ്യവസ്തുക്കളുമായി സുമനസുകളുടെ ഒഴുക്ക്. മൂവാറ്റുപുഴ താലൂക്ക് ഓഫീസിൽ ഇന്നലെയാണ് സംഭരണ കേന്ദ്രം ആരംഭിച്ചത്. മണിക്കൂറുകൾ പിന്നിടും മുമ്പേ മൂവാറ്റുപുഴ സ്വദേശിയും എം.എം.ഡെക്കറേഷൻ ഉടമ ആട്ടായം പൈനായിൽ പി.ഇ.യൂനുസ് 269 സ്റ്റീൽ പാത്രങ്ങളുമായി എത്തി. ഇവ എൽദോ എബ്രഹാം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ തഹസിൽദാൽ കെ.എസ്.സതീശൻ ഏറ്റുവാങ്ങി. എൽ.ആർ. തഹസീൽദാർ അസ്മ ബീവി, ഡെപ്യൂട്ടി തഹസീൽദാർ വി.എ.ഷംസ് എന്നിവർ സന്നിഹിതരായിരുന്നു
പന്തൽ പണിയിലൂടെ ഉപജീവന മാർഗം കണ്ടെത്തിയിരുന്ന യൂനസ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇപ്പോൾ മീൻ കച്ചവടം ചെയ്യുകയാണ്. പ്രതിസന്ധി ഘട്ടത്തിലും ജനപക്ഷ നിലപാട് സ്വീകരിച്ച യൂനുസിന്റെ നല്ല മനസിനെ അഭിനന്ദിക്കുന്നുവെന്ന് സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്ത എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. മൂവാറ്റുപുഴ താലൂക്കിന് കീഴിൽ രണ്ട് സംഭരണ കേന്ദ്രങ്ങളാണ് തുടങ്ങിയത്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള പഞ്ചായത്തുകളും, മൂവാറ്റുപുഴ നഗരസഭയും ഉൾപ്പെടുത്തി താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ചും, പാമ്പാക്കട ബ്ലോക്ക് പഞ്ചായത്തിനു കീഴിലുളള പഞ്ചായത്തകളും, പിറവം, കൂത്താട്ടുകുളം നഗരസഭകളേയും ഉൾപ്പെടുത്തി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രീകരിച്ചുമാണ് സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത്.
കട്ടിലുകൾ, എക്സ്റ്റൻഷൻ ബോർഡുകൾ, കിടക്ക, ബെഡ് ഷീറ്റ്, തലയണ, തോർത്ത്, പുതപ്പ്, സർജിക്കൽ മാസ്ക് പി. പി. ഇ കിറ്റ്, സ്റ്റീൽ പാത്രങ്ങൾ, സ്റ്റീൽ ഗ്ലാസുകൾ, ഇലക്ട്രിക് ഫാൻ, സ്പൂൺ, ജഗ്, മഗ്, ബക്കറ്റ്, സോപ്പ്, ഹാൻഡ് സാനിറ്റൈസർ, ചെറിയ ബിന്നുകൾ, കസേര, ബെഞ്ച്, സാനിറ്ററി നാപ്കിൻ, ഡയപ്പർ, പേപ്പർ, പേന, മാസ്‌ക്, എമർജൻസി ലാംപ്, മെഴുകുതിരി, കുടിവെള്ളം, മാലിന്യ സംസ്‌കരണ സംവിധാനം, റെഫ്രിജറേറ്റർ, അഗ്നിശമന ഉപകരണങ്ങൾ എന്നിവയാണ് സമാഹരിക്കുന്നത്.