ആലുവ: കൊവിഡ് രോഗവ്യാപനം രൂക്ഷമായ ആലുവ മേഖലയിൽ സ്വകാര്യ പണമിടപാട് സ്ഥാപനം ജീവനക്കാരെ ഭീഷണിപ്പെടുത്തി വായ്പപ്പണം തിരിച്ചുപിടിക്കുന്നതായി ആക്ഷേപം. കൊവിഡിനെ പേടിച്ച് പുറത്തുപോകാതെ ജനം വീടുകളിൽ തന്നെ കഴിയുമ്പോഴാണ് സ്വകാര്യ പണമിടപാട് സ്ഥാപനം ജീവനക്കാരെ ഉപയോഗിച്ച് ആഴ്ച്ച പിരിവ് മുടക്കാതെ നടത്തുന്നത്.

ജോലിയില്ലാത്തതിനാൽ പണം കൈവശമില്ലെന്ന് മാത്രമല്ല, കളക്ഷൻ ഏജന്റുമാർ വീടുകളിലേക്ക് വരുന്നത് രോഗ വ്യാപനത്തിന് കാരണമാകുമെന്ന ഭീതിയുമാണ് ജനങ്ങൾക്ക്. പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ഏജന്റുമാർ മേൽ ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്ന് കളക്ഷന് ഇറങ്ങേണ്ട സാഹചര്യമുണ്ടായി. ഇതിന്റെ പേരിൽ വീടുകളിൽ നിന്നും വഴക്ക് കേൾക്കേണ്ട സാഹചര്യമാണ് സാധാരണ ജീവനക്കാർക്ക്. ഇത് സംബന്ധിച്ച് മേലുദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിക്കുമ്പോൾ ജോലിചെയ്യാൻ കഴിയാത്തവർ രാജിവെയ്ക്കാനാണ് നിർദേശിക്കുന്നതെന്നും ഏജന്റുമാർ പറയുന്നു. ആലുവ, കീഴ്മാട്, കടുങ്ങല്ലൂർ, പാതാളം തുടങ്ങിയ നിരവധി സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോണിലാണ്.