vavubali
തോട്ടയ്ക്കാട്ടുകരയിൽ ആചാര്യൻ എടത്തല വിജയകുമാറിന്റെ കാർമ്മികത്വത്തിൽ നടന്ന ഓൺലൈൻ ബലിതർപ്പണം

ആലുവ: പ്രമുഖ തർപ്പണകേന്ദ്രമായ ആലുവ മണപ്പുറത്ത് ഉൾപ്പെടെ കൊവിഡ് വ്യാപനത്തെത്തുടർന്ന് ബലിതർപ്പണം നിരോധിച്ചപ്പോൾ ഓൺലൈൻ വഴി ബലിതർപ്പണം സംഘടിപ്പിച്ചത് നിരവധി പേർക്ക് ആശ്വാസമായി. ആലുവ തോട്ടയ്ക്കാട്ടുകരയിലാണ് ആചാര്യൻ എടത്തല വിജയകുമാറിന്റെ കാർമ്മികത്വത്തിൽ ബലിതർപ്പണം നടത്തിയത്.

സ്ഥിരമായി വിജയകുമാറിന്റെ കാർമ്മികത്വത്തിൽ ബലിതർപ്പണം നടത്തുന്നവർക്ക് പുറമെ ദുബായ്, സൗദി, ഷാർജ എന്നിവിടങ്ങളിലുള്ള മലയാളികളും പങ്കാളികളായി. ഒരേ സമയം 235 പേർ ഓൺലൈനിലൂടെ ബലിതർപ്പണം നടത്തി. കൂടാതെ ഫെയ്‌സ്ബുക്ക് വഴിയും സംസ്ഥാനത്തിനകത്തുള്ള ആയിരക്കണക്കിന് പേർക്കും ബലിതർപ്പണ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.

ശിവരാത്രി മണപ്പുറം കാലി

ദേവസ്വം ബോർഡ് നിർദേശത്തെ തുടർന്ന് കർക്കടകവാവ് ബലിതർപ്പണം ഉപേക്ഷിച്ചതിനാൽ പതിവായി പതിനായിരങ്ങൾ എത്തുന്ന ആലുവ മണപ്പുറം ഇന്നലെ കാലിയായിരുന്നു. ആലുവ മഹാശിവരാത്രി കഴിഞ്ഞാൽ ഏറ്റവും അധികം ആളുകൾ ബലിതർപ്പണത്തിന് മണപ്പുറത്ത് എത്തുന്നത് കർക്കടകവാവ് ബലിക്കാണ്. ഒരുലക്ഷത്തോളം പേരെങ്കിലും ബലിതർപ്പണത്തിനെത്തും. ദേവസ്വം ബോർഡിന്റെ പുരോഹിതന്മാർക്ക് പുറമെ 50 ലേറെ പരികർമ്മികൾ താത്കാലിക ബലിത്തറകളൊരുക്കി ഉണ്ടാകുമായിരുന്നു.

സമാനമായ സാഹചര്യമാണ് ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിലും ഉണ്ടാകുക. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി ബലിതർപ്പണ ചടങ്ങുകൾ ഉപേക്ഷിച്ചതായി ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയും ക്ഷേത്രം മേൽശാന്തി പി.കെ. ജയന്തനും അറിയിച്ചിരുന്നു.