കൊച്ചി: ഐ.ഐ.ടി ഡൽഹി വികസിപ്പിച്ച കൊവിഡ് പരിശോധനാ കിറ്റുകൾ കൊച്ചിയിൽ നിർമ്മിക്കും. കൊച്ചി ആസ്ഥാനമായ ടി.സി.എം ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ടി.സി.എം ഹെൽത്ത്കെയർ കിൻഫ്രാ ബയോപാർക്കിലാണ് നിർമ്മിക്കുക.ഐ.ഐ.ടി വികസിപ്പിച്ച പരിശോധനാകിറ്റുകൾ നിർമിക്കാൻ ലൈസൻസ് ലഭിച്ച രാജ്യത്തെ ഏഴ് സ്ഥാപനങ്ങളിൽ ഒന്നാണ് ടി.സി.എമ്മെന്ന് മാനേജിംഗ് ഡയറക്ടർ ജോസഫ് വർഗീസ് പറഞ്ഞു.
കോവിഡിറ്റെക്ട് എന്ന ബ്രാൻഡിൽ കിറ്റ് വിപണിയിലിറക്കും. ആഗസ്റ്റ് പകുതിയോടെ ഉത്പാദനം ആംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രതിദിനം 500 ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കാനാണ് ലക്ഷ്യം. ഒരു കിറ്റ് ഉപയോഗിച്ച് 100 പരിശോധനകൾ നടത്താം. പ്രതിദിനം 50,000 പരിശോധനകൾക്കുള്ള കിറ്റുകൾ വിപണിയിലെത്തിക്കും. ഐ.ഐ.ടി വികസിപ്പിച്ച ആർ.ടി.പി.സി.ആർ കിറ്റുകളുടെ അടിസ്ഥാനനിരക്ക് ടെസ്റ്റ് ഒന്നിന് 399 രൂപ മാത്രമാണ്. ഇറക്കുമതി ചെയ്യുന്ന ഫ്ളൂറസന്റ് പ്രൊഫൈലുകൾ ആവശ്യമില്ലാത്ത കിറ്റായതിനാൽ ഉത്പാദനച്ചെലവ് ഗണ്യമായി കുറയും. ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് പേറ്റന്റ് നേടിയാണ് ഐ.ഐ.ടി കിറ്റുകൾ നിർമ്മിക്കാൻ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയത്.