കൊച്ചി: ഒരുവശത്ത് ഓരോ ദിനവും കുതിച്ചുയരുന്ന കൊവിഡ് രോഗികൾ. മറുവശത്ത് കലിതുള്ളിയെത്തുന്ന തിരമാല. ഇവയ്ക്ക് രണ്ടിനും നടുക്ക് എങ്ങോട്ടുപോകണമെന്നറിയാതെ പെട്ടുപോയ അവസ്ഥ. അക്ഷരാർത്ഥത്തിൽ ചെകുത്താനും കടലിനും നടുക്കാണ് ചെല്ലാനം നിവാസികൾ. സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം കുറയ്ക്കാൻ പുറത്തേക്കിറങ്ങരുതെന്ന് സർക്കാർ നിർദ്ദേശമുണ്ടെങ്കിലും കടൽ ഇരച്ച് വീടിനുള്ളിൽ കയറുമ്പോൾ എന്തുചെയ്യണമെന്നാണ് ഇവിടുള്ളവർ ചോദിക്കുന്നത്. രണ്ടാംദിനവും കടൽക്ഷോഭത്തിൽ ചെല്ലാനം വിറങ്ങലിച്ചു. മാലാഖപ്പടി മുതൽ കൊച്ചി നഗരപരിധിയിലുള്ള സൗദി പള്ളി വരെ കടലാക്രമണമുണ്ടായി. രാവിലെ പത്ത് മണിയോടെ തുടങ്ങിയ കടൽക്ഷോഭത്തിന് വൈകിട്ട് മൂന്ന് മണിയോടെയാണ് ശമനമായത്. കഴിഞ്ഞ 20 വർഷത്തിനിടെ കണ്ട രൂക്ഷമായ കടലാക്രമണമായിരുന്നു ഇത്തവണത്തേതെന്ന് നാട്ടുകാർ പറയുന്നു. കടൽഭിത്തിക്ക് സമാന്തരമായി കെട്ടിയിരുന്നു മണൽചാക്കുകൾ തകർത്തെറിഞ്ഞാണ് കടൽവെള്ളം ഇരച്ചെത്തിയത്. ചിലയിടങ്ങളിൽ കടൽഭിത്തികൾ തകർന്ന് കല്ല് തെറിച്ച് വീടുകൾ തകർന്നു. ചില വീടുകൾ ചെളിയിലും മണലിലും മുങ്ങി. ഇരുന്നൂറിലേറെ വീടുകളിൽ ഇന്നലെ മാത്രം വെള്ളം കയറി. ചിലയിടങ്ങളിൽ ആളുകളുടെ നെഞ്ചൊപ്പമുണ്ടായിരുന്നു ഇരച്ചെത്തിയ വെള്ളം. സമ്പർക്ക വിലക്കുണ്ടെങ്കിലും മിക്കവരും ചെല്ലാനത്ത് തന്നെയുള്ള വെള്ളം കയറാത്ത ബന്ധുവീടുകളിലേക്ക് മാറി താമസം തുടങ്ങി. പുലിമുട്ട് പണിയണമെന്ന ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം സർക്കാരുകൾ നടപ്പാക്കാത്തതാണ് ദുരിതം ഇരട്ടിയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഭക്ഷ്യവസ്തുക്കളും വെള്ളത്തിൽ

ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷമായ ഇടങ്ങളിലെ കടകളിലേക്കും വെള്ളം ഇരച്ചുകയറിയതോടെ കടകളിൽ സൂക്ഷിച്ചിരുന്ന അരിയും പച്ചക്കറിയുമുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും നശിച്ചു. നാട്ടുകാർ സംഘടിച്ചാണ് പലയിടങ്ങളിൽ നിന്നും ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയത്. ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയ ചെല്ലാനത്ത് അവശ്യവസ്തുക്കളുടെ കടകൾക്ക് നിശ്ചിതസമയം തുറക്കാൻ അനുവാദമുണ്ടായിരുന്നു. ലോക്ക്ഡൌണിനെ തുടർന്ന് പുറത്തെ മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ എത്തിക്കാൻ പൊതുവെ കടക്കാർ ബുദ്ധിമുട്ട് നേരിടുമ്പോഴാണ് കടലും ചതിച്ചത്.

തോടുകൾ തിരിച്ചെടുക്കണം

പണ്ടുകാലത്ത് തരകന്മാർ കടൽവെള്ളം കയറിയിറങ്ങി പോകാൻ നാൽപതോളം ചെറുതോടുകൾ പ്രദേശത്ത് പണിതിരുന്നു. എന്നാൽ, നിലവിൽ അഞ്ചോളം തോടുകൾ മാത്രമേ അതിൽ കൃത്യമായി ഒഴുകുന്നുള്ളൂ. ബാക്കിയിടങ്ങളെല്ലാം കയ്യേറി പോവുകയും തോടുകൾ അടയ്ക്കപ്പെടുകയും ചെയ്തു. ഭൂമിശാസ്ത്രപരമായി അവർക്കുള്ള അറിവ് വച്ച് ചെയ്ത ആ തോടുകൾ അന്ന് ചെല്ലാനത്തെ രക്ഷിച്ചിരുന്നുവെന്ന് പണ്ടുള്ളവർ പറയുന്നു. കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ആ തോടുകൾ വീണ്ടും ഒഴുകിത്തുടങ്ങണമെന്ന ആവശ്യവും നാട്ടുകാർക്കുണ്ട്.

"ഞാനൊക്കെ ജനിക്കുംമുമ്പ് നിർമ്മിച്ച കടൽഭിത്തിയാണ് ഇവിടുള്ളത്. കാലകാലത്ത് അതിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതാണ് കടൽഭിത്തി തകരാനിടയാക്കിയത്. ജിയോബാഗ് വച്ച ചില സ്ഥലങ്ങളിൽ കടൽക്ഷോഭം പ്രതിരോധിക്കാനായിട്ടുണ്ട്. ശാശ്വതമല്ലെങ്കിലും അതെങ്കിലും കൃത്യമായി ചെയ്തിരുന്നെങ്കിൽ ഇത്രയും നാശം ഒഴിവാക്കാമായിരുന്നു."

ദിനേശൻ സി.ആർ

10ാം വാർഡ് മെമ്പർ

ചെല്ലാനം