മൂവാറ്റുപുഴ: റോഡ് അരികിൽ നിൽക്കുകയായിരുന്ന മദ്ധ്യവയസ്കനെ ബൈക്ക് ഇടിപ്പിച്ച് വീഴ്ത്തിയ ശേഷം യുവാക്കൾ കടന്നുകളഞ്ഞു. പായിപ്ര തച്ചുകുന്നേൽ കൃഷ്ണൻകുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കൃഷ്ണൻകുട്ടി റോഡിന് സമീപത്തേക്ക് തെറിച്ച് വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.അതേസമയം ബൈക്ക് യാത്രികരായിരുന്ന യുവാക്കൾ ലഹരിയിലായിരുന്നെന്നാണ് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പായിപ്ര മെെക്രോവേവ് സ്റ്റേഷൻ പരിസരം ലഹരി ഉപഭോക്താക്കളുടെ കേന്ദ്രമാണ്. ബൈക്ക് യാത്രികരായ യുവാക്കൾ എവിടെ എത്തിയവരാകാം എന്നാണ് സംശയിക്കുന്നത്. മേതല -അംബേദ്കർ റോഡിന്റെ ഇരുവശവും ആൾതാമസം കുറഞ്ഞയിടമാണ്. ഇവിടുത്തെ പാറക്കുന്നുകളും ക്വാറിയുമാണ് യുവാക്കളുടെ കേന്ദ്രം. രാവിലെ കൂട്ടമായി എത്തുന്ന സംഘങ്ങൾ രാത്രിയോടെയാണ് മടങ്ങുന്നത്. പൊലീസിനും എക്സൈസിനും എളുപ്പം എത്തിച്ചേരാൻ കഴിയാത്തതാണ് യുവാക്കളെ മൈക്രോവേവിലേക്ക് അടുപ്പിക്കുന്നത്.ലഹരി ഉപയോഗിത്തിന് പുറമേ കഞ്ചാവടക്കം രാസലഹരികളുടെ വില്പനയും നടക്കുന്നുണ്ട്.