ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞദിവസം എടയപ്പുറത്ത് 50 പേരുടെ സ്രവം പരിശോധിച്ചതിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ചാല്ക്കലിൽ ഡ്രൈവറുടെ സമ്പർക്കപ്പട്ടികയിൽ നിരീക്ഷണത്തിലുള്ള ചിലരുടെ സ്രവപരിശോധനക്ക് എടുത്തിരിന്നു. ഇവരിൽ ചുമട്ട് തൊഴിലാളികൾ ഉൾപ്പടെയുള്ള ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഏഴാം വാർഡിൽ രോഗ ബാധിതർ 14 പേരായി. ഇനിയും കുറേപ്പേരുടെ സ്രവപരിശോധന നടത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ കുട്ടമശേരിയിലെ നാലാം വാർഡിൽ നാല്‌കേസും റിപ്പോർട്ട് ചെയ്തു. നാലാം വാർഡിലെ ആകെ രോഗബാധിതരുടെ എണ്ണം ഇരുപതായി. കീഴ്മാട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ രോഗികൾ നാലാം വാർഡിലാണ്.
അഞ്ചാം വാർഡിൽ മൂന്നുപേർക്കുകൂടി തിങ്കളാഴ്ച രോഗം സ്ഥീരീകരിച്ചു. ഇതോടെ രോഗികൾ ആറായി. ആറാം വാർഡിൽ പുതിയതായി ആറ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം ഒൻപതായി. പഞ്ചായത്തിലെ ഒന്ന്, രണ്ട്, ഒൻപത് വാർഡുകളിൽ ഒരോ കേസും 11, 14 വാർഡുകളിൽ രണ്ട് കേസും, 15 ൽ നാലും, പതിനാറിൽ അഞ്ചും 17- ാം വാർഡിൽ ഒൻപതും പതിനെട്ടിൽ നാലും പത്തൊൻപതാം വാർഡിൽ മൂന്ന് കേസും സ്ഥീരീകരിച്ചിട്ടുണ്ട്.