വൈപ്പിൻ : വൈപ്പിനിലെ എടവനക്കാട് അണിയൽ, പഴങ്ങാട് , ചാത്തങ്ങാട്, നായരമ്പലം പുത്തൻകടപ്പുറം, ഞാറക്കൽ ആറാട്ട് വഴി എന്നിവിടങ്ങളിലെ തീരദേശത്ത് കടൽവെള്ളം വീടുകളിലേക്കും പറമ്പുകളിലേക്കും അടിച്ചു കയറി. അണിയൽ, കൂട്ടുങ്കൽചിറ, പഴങ്ങാട് ഭാഗങ്ങളിൽ കടൽഭിത്തി തകർന്നു. കഴിഞ്ഞമാസം സ്ഥാപിച്ചിരുന്ന ജിയോബാഗുകളും തകർന്നു. കടൽഭിത്തിക്ക് മുകളിലൂടെയും കടൽഭിത്തിക്ക് ഇടയിലൂടെയും തിരമാലകൾ അടിച്ചു കയറി പറമ്പുകളിലേക്ക് ഒഴുകി. കിഴക്കുവശമുള്ള കെട്ടുകളിലേക്ക് കാനകൾ പലതും അടഞ്ഞുകിടക്കുന്നതിനാൽ വെള്ളം പറമ്പുകളിൽ കെട്ടിക്കിടക്കുകയാണ്. കാനകളിൽ തടസ്സമില്ലാത്ത ഇടങ്ങളിൽ വെള്ളം കെട്ടുകളിലേക്ക് ഒഴുകി.
നായരമ്പലം പുത്തൻ കടപ്പുറത്ത് മാലവീട്ടിൽ സുരേഷിന്റെ വീടിന്റെ പിൻഭാഗത്തെ ഭിത്തി തകർന്നു. സെന്റ്. ആന്റണീസ് പള്ളി മുതൽ വടക്കോട്ടായിരുന്നു കടൽക്ഷോഭം.ഇവിടെ ഇരുപതോളം വീടുകളിൽ വെള്ളംകയറി.. തുടർച്ചയായി കടൽക്ഷോഭം ഇല്ലാത്തതിനാൽ വേലിയിറക്ക സമയത്ത് വെള്ളം ഇറങ്ങിപ്പോകുന്നുണ്ട്. അതിനാൽ വീടുകളിൽനിന്ന് താമസം മാറ്റേണ്ടി വന്നിട്ടില്ല.
കഴിഞ്ഞ രണ്ട് ദിവസമായി ഇറിഗേഷൻ വകുപ്പ് ജെ.സി.ബി കൊണ്ടുവന്ന് പഴങ്ങാട് മുതൽ അണിയൽ വരെയുള്ള ഭാഗത്ത് വാടവെച്ചുകൊണ്ടിരിക്കുകയാണ്. ശക്തികുറഞ്ഞ കടൽക്ഷോഭം ഈ വാട കൊണ്ട് പരിഹരിക്കാൻ കഴിയും.