sham
ശ്യാം

കൊച്ചി: മുളവുകാട് കായലിൽ വള്ളംമറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹം തെരച്ചിലിനൊടുവിൽ കണ്ടെത്തി. എളമക്കര ബേബിസ്മാരക റോഡിൽ താമസിക്കുന്ന കുടകുത്തുംപറമ്പിൽ വീട്ടിൽ അഡ്വ. കെ,എൽ. ശ്യാം (42), ബന്ധു ആലുവ യു.സി കോളജിനു സമീപം താമസിക്കുന്ന കണിയാൻകുന്ന് പുതുവൽപറമ്പ് വീട്ടിൽ സഞ്ജയ് എന്ന സച്ചു (26) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന കുമ്പളം സ്വദേശി ലിജോ സംഭവസമയത്ത് നീന്തിരക്ഷപ്പെട്ടിരുന്നു. ഞായറാഴ്ച വൈകിട്ട് 6.30 ന് മുളവുകാട് സിസിലി ജെട്ടിക്കു സമീപമായിരുന്നു അപകടം.

ഹൈക്കോടതിയിൽ അഭിഭാഷകനായ ശ്യാമും സച്ചുവും സുഹൃത്തായ ലിജോയും മുളവുകാടുള്ള വിനോദ് എന്ന അഭിഭാഷക സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു. ഇവിടെനിന്ന് അടുത്തുള്ള തുരുത്തിലേക്ക് വള്ളത്തിൽപോയി മടങ്ങിവരുമ്പോഴാണ് അപകടം. തുടർന്ന് മുളവുകാട് പൊലീസും ഫയർഫോഴ്‌സിന്റെ സ്‌കൂബ ടീമും ഉൾപ്പടെയുള്ള സംഘം ഞായറാഴ്ച രാത്രി വൈകുംവരെയും തെരച്ചിൽ നടത്തിയിരുന്നു. ഇന്നലെ രാവിലെ തുടർന്ന തെരച്ചിലിൽ സച്ചുവിന്റെ മൃതദേഹം രാവിലെ 10.30നും ശ്യാമിന്റേത് ഉച്ചയ്ക്ക് ഒന്നിനും കിട്ടി. കൊവിഡ് പരിശോധനാഫലം ലഭിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
പരേതനായ ലാലന്റെയും പുഷ്പരാജത്തിന്റെയും മകനാണ് ശ്യാംലാൽ. ഭാര്യ: നീതു (ബ്യൂട്ടീഷൻ), മകൾ: മീനാക്ഷി ( കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂൾ വിദ്യാർത്ഥിനി). ശ്യാമിന്റെ ഭാര്യയുടെ അമ്മ അജിതയുടെ അനുജത്തി ജിജിയുടെയും അമ്മിണിക്കുട്ടന്റെയും മകനാണ് സച്ചു. അവിവാഹിതനാണ്. സഹോദരിമാർ: സോയ, സോന.