jathikka
ജാതി

കോലഞ്ചേരി: ന്യായമായ വിലയുണ്ട്, പക്ഷേ കാര്യമായ വിളവില്ലാത്തതിനാൽ ജാതി കർഷകർ ആധിയിലാണ്. സുഗന്ധവിളയായ ജാതിയുടെ വിളവെടുപ്പുകാലം ജൂലായിൽ പൂർത്തിയാകും. നല്ല വിലയുണ്ടായിട്ടും വിളവ് കഴിഞ്ഞ വർഷങ്ങളിലേക്കാൾ ഗണ്യമായി കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായി.

നല്ല കായ്ഫലമുള്ള ഒരു ജാതിമരത്തിൽ നിന്ന് വർഷത്തിൽ ആയിരംമുതൽ രണ്ടായിരം കായ്കൾവരെ ലഭിക്കാറുണ്ട്. എന്നാൽ ഇതിന്റെ പത്തിലൊന്ന് മാത്രമേ ഈ വർഷം ലഭിച്ചുള്ളൂവെന്ന് കർഷകർ പറയുന്നു. ഐക്കരനാട് പഞ്ചായത്തിൽ മാത്രം ആയിരത്തിലേറെ ജാതികർഷകരുണ്ട്.

# വില്ലനായത് മഴ

മഞ്ഞുകാലത്തിന് മുമ്പ് ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ജാതിമരങ്ങൾ ധാരാളമായി പൂക്കുന്നത്. ഈ വർഷം ഈ സമയത്ത് ദിവസങ്ങളോളം തുടർച്ചയായി മഴപെയ്തതാണ് വിളവിനെ പ്രതികൂലമായി ബാധിച്ചത്. പൂവെല്ലാം കൊഴിഞ്ഞുപോയി. അധികമഴമൂലം തടത്തിൽ വെള്ളംകെട്ടിനിന്നതും പ്രശ്നമായി. ഇതുപോലെ കായ് പിടിക്കാത്ത കാലമുണ്ടായിട്ടില്ലെന്ന് കുമ്മനോട്ടിലെ ജാതികർഷകൻ നെടുവേലിൽ ഉണ്ണിക്കൃഷ്ണൻ പറയുന്നു.

വേനലാരംഭത്തിൽ ജാതിമരങ്ങളിൽ ഫംഗസ് ബാധ മൂലമുണ്ടാകുന്ന കുമിൾരോഗവും കായകൊഴിച്ചിലും ഈവർഷം വ്യാപകമായതും വിളവിനെ ബാധിച്ചു. നാല്പതിനായിരം രൂപ വളത്തിനും പണിക്കൂലിക്കുമായി ചെലവായി. 80 കിലോ ജാതിക്ക കിട്ടിയിരുന്നത് ഇക്കൊല്ലം 40 പോലും തികഞ്ഞില്ലെന്ന് ചെങ്ങരയിലെ കർഷകനായ പൊത്താം കിഴിയിൽ പി.എൻ. രേണുദാസ് പറഞ്ഞു. പ്രളയശേഷമാണ് ജാതിയുടെ വിളവ് മോശമായിത്തുടങ്ങിയത്. വിലക്കുറവിന് ഇൻഷ്വറൻസ് പരിരക്ഷയില്ലാത്തത് തിരിച്ചടിയാണെന്നും കർഷകർ പറയുന്നു.

# ജാതിപത്രിക്ക് 1500 രൂപ

ജാതിപത്രി കിലോയ്ക്ക് നല്ലതിന് 1500ഉം സാധാരണ ഇനത്തിന് 1000 രൂപയും ഇപ്പോൾ വിലയുണ്ട്. ജാതിക്കുരു നല്ലവണ്ണം ഉണങ്ങിയതിന് 400 വരെയും ഉണക്ക് കുറഞ്ഞതിന് 200 രൂപ വരെയും വില കിട്ടുന്നുണ്ട്. കഴിഞ്ഞവർഷം ജാതിപത്രിയ്ക്ക് 1700ൽ കൂടുതലും പരിപ്പിന് നല്ലതിന് 475 വരെയും വിലയുണ്ടായി.