കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കും

രാവിലെ 11 മുതൽ വൈകിട്ട് 6.30 വരെ

കൊച്ചി: കൊവിഡ് ബാധയെത്തുടർന്ന് 20 ദിവസമായി അടച്ചിട്ടിരുന്ന എറണാകുളം മാർക്കറ്റും, ബ്രോഡ്‌വേയും പരിസരങ്ങളും ഇന്ന് വീണ്ടും വ്യാപാരത്തിന് തുറക്കും. കർശനമായ നിയന്ത്രണങ്ങൾ പാലിച്ചാണ് തുറക്കാൻ അധികൃതർ അനുമതി നൽകിയത്. ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ, കളക്ടർ എസ്. സുഹാസ്, പൊലീസ് കമ്മിഷണർ വിജയ് സാഖറെ എന്നിവരുമായി എറണാകുളത്തെ വ്യാപാര സംഘടന നേതാക്കൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

സർക്കാർ നിഷ്‌കർഷിക്കുന്ന കൊവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങളും സമയക്രമവും ദിവസക്രമവും നിർബന്ധമായി പാലിച്ചു കടഉടമകളും തൊഴിലാളികളും ഉപഭോക്താക്കളും പ്രവർത്തിക്കുമെന്ന് കേരള മർച്ചന്റ്സ് ചേംബർ പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും അറിയിച്ചു.

# നിബന്ധനകൾ ഇങ്ങനെ
മാർക്കറ്റിൽ പഴം, പച്ചക്കറി ചരക്ക് ഇറക്കുന്ന ജോലികൾ പുലർച്ചെ മൂന്നിന് ആരംഭിച്ച് ഏഴിന് അവസാനിപ്പിക്കണം
ഏഴുമുതൽ 11വരെ പഴം, പച്ചക്കറി മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാം
രാവിലെ 11 മുതൽ വൈകിട്ട് 6.30 വരെ ഇതര വ്യാപാര മേഖലയിലുള്ള കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് പോകുന്ന റോഡിൽ ഇടത് വശത്തുള്ള കടകൾ ഇന്നുമുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം
തെക്കുനിന്ന് വടക്കോട്ടുള്ള റോഡുകളിൽ ഇടത് വശത്തുള്ള കടകൾ ഇന്നുമുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം
കിഴക്കുനിന്ന് പടിഞ്ഞാറോട്ട് പോകുന്ന റോഡുകളിൽ വലതുവശത്തുള്ള കടകൾ ബുധനാഴ്ച മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം
തെക്കുനിന്ന് വടക്കോട്ടുള്ള റോഡുകളിൽ വലതുവശത്തുള്ള കടകൾ ബുധനാഴ്ച മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം