sanjay
സഞ്ജയ്

ആലുവ: മുളവുകാട് വള്ളം മറിഞ്ഞ് യുവാവ് മരിച്ചതിനെ തുടർന്ന് കിഴക്കേ കടുങ്ങല്ലൂർ ഗ്രാമം ദുഃഖസാന്ദ്രമായി. എസ്.എൻ.ഡി.പി യോഗം കിഴക്കേ കടുങ്ങല്ലൂർ ശാഖയോഗം സെക്രട്ടറി അമ്മിണിക്കുട്ടന്റെ മകൻ കണിയാംക്കുന്ന് പുതുവൽപ്പറമ്പ് സഞ്ജയും (26) കൂടെയുണ്ടായിരുന്ന അഡ്വ. ശ്യാമുമാണ് മരിച്ചത്.

സഞ്ജയിന്റെ മാതൃസഹോദരിയുടെ മകളെയാണ് ശ്യാം വിവാഹം കഴിച്ചിട്ടുള്ളത്. അളിയൻ എന്നതിൽ കവിഞ്ഞ സൗഹൃദമായിരുന്നു ഇരുവരും തമ്മിൽ. അതിനാൽ അവധി സമയങ്ങളിലെല്ലാം ഇരുവരും ഒരുമിച്ച് കൂടുമായിരുന്നു. ശ്യാം വിളിച്ചതനുസരിച്ച് ഞായറാഴ്ച ഉച്ചയോടെയാണ് സഞ്ജയ് മുളവുകാട്ടേയ്ക്ക് പോയത്. ശ്യാമിന്റെ സുഹൃത്തായ കുമ്പളം സ്വദേശി ലിജോയും ചേർന്ന് മുളവുകാട്ടിലെ മറ്റൊരു സുഹൃത്തിന്റെ അടുത്തുപോയി മടങ്ങി വരുമ്പോഴായിരുന്നു ദുരന്തം. നീന്തലറിയാവുന്നതിനാൽ ലിജോ രക്ഷപെട്ടു.

ഇന്നലെ രാവിലെയാണ് ഭൂരിഭാഗം നാട്ടുകാരും വിവരമറിയുന്നത്. ഇതോടെ നാട്ടുകാരെല്ലാം തെരച്ചിൽ നടക്കുന്ന മുളവുകാട്ടിലേക്ക് പായുകയായിരുന്നു.

എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി എന്നതിന് പുറമെ നിരവധി മേഖലകളിൽ സജീവമായിരുന്നു സഞ്ജയിന്റെ പിതാവ് അമ്മിണിക്കുട്ടൻ. സഞ്ജയും പിതാവിനെപ്പോലെ വലിയ സൗഹൃദവലയത്തിന് ഉടമയായിരുന്നു. മരണവിവരമറിഞ്ഞതോടെ സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം ഏറെ ദുഃഖത്തിലാണ്. കുറച്ചുകാലം കെ.എസ്.ആർ.ടി.സിയിൽ താത്കാലിക ഡ്രൈവറായിരുന്നു. കൊച്ചി - ബംഗളൂരു സർവീസാണ് കൂടുതലും ഓടിച്ചിരുന്നത്. കെ.എസ്.ആർ.ടി.സിയിൽ നിന്ന് പോന്നശേഷം ചേരാനല്ലൂരിൽ ട്രെയിലർ ഓടിക്കുകയായിരുന്നു.

കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മാർട്ടത്തിനും ശേഷം ഇന്ന് മൃതദേഹം വീട്ടിലെത്തിക്കും. കൊവിഡ് മാനദണ്ഡപ്രകാരം പറവൂർ കവല എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്കാരം നടത്തും.