fruit

കൊച്ചി: കാഴ്ചയിൽ കൊറോണ വൈറസിന്റെ ലുക്കൊക്കെയുണ്ടെങ്കിലും ആൾ ഭീകരനല്ല. കൊറോണയുടെ ആക്രമണത്തിൽ നിന്ന് മനുഷ്യശരീരത്തെ ഒരുപരിധി വരെ പ്രതിരോധിക്കാൻ ശേഷിയുള്ള വിപരീത സ്വഭാവക്കാരനാണ്. പേര് റംബൂട്ടാൻ.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് സമൃദ്ധമായി വിളയുന്നത്. പ്രാദേശിക കാലാവസ്ഥയുമായി നന്നായി ഇണങ്ങി രാസവളങ്ങളും മാരകമായ കീടനാശിനിപ്രയോഗവും ആവശ്യമില്ലാതെ മികച്ച ഫലം നൽകുന്നതുകൊണ്ട് കർഷകർക്കിടയിൽ റംബൂട്ടാന് വലിയ സ്വീകാര്യതയാണ്.

വിറ്റാമിന്റെ ശേഖരം

ഉള്ളിലെ മാംസളഭാഗത്ത് ഒളിപ്പിച്ചിരിക്കുന്നത് മനുഷ്യശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും പോഷകമൂല്യങ്ങളുമാണെന്ന പ്രത്യേകതയുമുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന വൈറ്റമിൻ സി.യുടെ കലവറയാണ് റംബൂട്ടാനെന്നാണ്, റംബൂട്ടാൻ: എ ടേസ്റ്റി ഫ്രൂട്ട് വിത്ത് ഹെൽത്ത് ബെനഫിറ്റ് എന്ന അന്തർദേശിയ പ്രബന്ധം അടിവരയിട്ട് പറയുന്നു.

നൂറുഗ്രാം റംബൂട്ടാനിൽ 40 മില്ലിഗ്രാം വൈറ്റമിൻ സിയും 1.3 മുതൽ 2 ഗ്രാം നാരുകൾക്കും പുറമെ മഗ്നീഷ്യം, കോപ്പർ, ഫോസ്‌ഫറസ്, പൊട്ടാസ്യം തുടങ്ങിയ പോഷകഘടകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. 5 - 6 പഴം കഴിച്ചാൽ ഒരു ദിവസത്തേക്ക് ആവശ്യമായ വൈറ്റമിൻ സിയുടെ 50 ശതമാനം ലഭിക്കും.

റംബൂട്ടാൻ സ്ഥിരമായി ഉപയോഗിച്ചാൽ പനി, ജലദോഷം എന്നിവയെ പ്രതിരോധിക്കാനും ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശങ്ങൾ നീക്കംചെയ്യാനും കഴിയും. എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വർദ്ധിപ്പിക്കാനും വിളർച്ചയും മുടികൊഴിച്ചിലും തടയുന്നതിനും ആവശ്യമായ കോപ്പർ റംബൂട്ടാനിൽ അടങ്ങിയിട്ടുണ്ടെന്നുമാണ് ഗവേഷകരുടെ കണ്ടെത്തൽ.

മാസ്ക് ധരിച്ചും സാമൂഹി​കാകലം പാലിച്ചും കോവിഡിനെ ചെറുക്കാനുള്ള പരിശ്രമത്തിനൊപ്പം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതും അനിവാര്യമാണെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകുന്നുണ്ട്.

പ്രതീക്ഷ കൈവിടാതെ കർഷകർ

മുൻവർഷങ്ങളിൽ പ്രതികൂല കാലാവസ്ഥയായിരുന്നെങ്കിൽ ഇത്തവണ ലോകമാകെ മഹാമാരിയുടെ പിടിയിലമർന്നിരിക്കുമ്പോഴാണ് റംബൂട്ടാൻ വിളവെടുപ്പ് ആരംഭിച്ചത്. വിപണിയിലെ മാന്ദ്യം എത്രകണ്ട് പ്രതികൂലമാകുമെന്ന് പ്രവചിക്കാനാവില്ല. എങ്കിലും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതും കീടനാശിനിയുടെയും രാസവളത്തിന്റെയും തെല്ലും സ്വാധീനമില്ലാത്തതുമായ നാടൻപഴം എന്നനിലയിൽ റമ്പുട്ടാന് ആവശ്യക്കാരേറുമെന്ന പ്രതീക്ഷയിലാണ് കർഷകർ.