കൊച്ചി : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) നിയമനത്തിന്, ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അദ്ധ്യാപകർക്കും അർഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കെ.എ.എസ് പരീക്ഷ എഴുതുന്നതിൽ നിന്ന് ഹയർ സെക്കൻഡറിയിലെ ഗസറ്റഡ് അദ്ധ്യാപകരെ ഒഴിവാക്കിയ സർക്കാർ ഉത്തരവ് റദ്ദാക്കിയാണ് ഡിവിഷൻബെഞ്ചിന്റെ വിധി. ഹയർ സെക്കൻഡറി അദ്ധ്യാപകൻ അനിൽ എം. ജോർജ് ഉൾപ്പെടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
2018 ലെ കെ.എ.എസ് നിയമപ്രകാരം മൂന്നു സ്ട്രീമുകളിലായാണ് നിയമനം . ഇതിൽ ഗസറ്റഡ് റാങ്കിലുള്ളവർ മൂന്നാം വിഭാഗത്തിലാണ് . ഇവരിൽ ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് ഭരണപരിചയമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഒഴിവാക്കിയത്. എന്നാൽ രണ്ടാം സ്ട്രീമിൽ ഗസറ്റഡ് റാങ്കില്ലാത്ത അദ്ധ്യാപകർക്ക് അപേക്ഷിക്കാം. ഇതിനെതിരെ ഹർജിക്കാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും സർക്കാരിന്റെ ഉത്തരവ് ശരി വച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
താരതമ്യേന ജൂനിയറായ അദ്ധ്യാപകരെ രണ്ടാം സ്ട്രീമിൽ കെ.എ.എസിലേക്ക് പരിഗണിക്കുമ്പോൾ ഗസറ്റഡ് റാങ്കിലുള്ള സീനിയർമാരെ തഴയുന്നത് വിവേചനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഉത്തരവ് നിയമ വിരുദ്ധവും സ്വേച്ഛാപരവുമാണ്.
അതേസമയം കെ.എ.എസിലേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി, അഡ്വക്കേറ്റ് ജനറൽ ഒാഫീസ്, ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റ് ജീവനക്കാർ നൽകിയ ഹർജികൾ ഡിവിഷൻബെഞ്ച് തള്ളി. കെ.എ.എസിലേക്ക് രണ്ടാംസ്ട്രീമിൽ ഇവരെ പരിഗണിക്കുന്നതിൽനിന്ന് സർക്കാർ ഒഴിവാക്കിയിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളാണ് ഇവയെന്ന് വിലയിരുത്തിയ ഹൈക്കോടതി, ഇവയെ സർക്കാർ വകുപ്പുകളായി പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി.