swapna

--സ്വപ്‌നയെയും സന്ദീപിനെയും ഹാജരാക്കും

-- ഫരീദിനെ രണ്ടു നാൾക്കകം വിട്ടുകിട്ടും

കൊച്ചി: സ്വപ്നയെയും സന്ദീപ് നായരെയും ചോദ്യം ചെയ്തപ്പോൾ സ്വർണക്കടത്തിലെ ഉന്നത ബന്ധത്തെക്കുറിച്ച് ലഭിച്ച നിർണായക വിവരങ്ങൾ എൻ.ഐ.എ ഇന്ന് കോടതിയിൽ സമർപ്പിക്കും. മുദ്രവച്ച കവറിൽ കൈമാറാനാണ് സാദ്ധ്യത.

കസ്‌റ്റഡി കാലാവധി അവസാനിച്ചതിനാൽ ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. സരിത്തിനെ ചോദ്യം ചെയ്യുന്നത് തുടരും.

ദുബായ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത ഫൈസൽ ഫരീദിനെ കിട്ടിയാലേ സ്വർണം വിറ്റുകിട്ടുന്ന പണം ഭീകര പ്രവർത്തനങ്ങൾക്ക് പോകുന്നതിന്റെ ചുരുളഴിക്കാനാകൂവെന്ന് അന്വേഷണ സംഘം പറഞ്ഞു. മൂന്നാം പ്രതിയും തൃശൂർ കൈപ്പമംഗലം സ്വദേശിയുമായ ഫരീദാണ് നയതന്ത്ര ചാനൽ വഴി ദുബായിൽ നിന്ന് സ്വർണം കയറ്റിവിട്ടിരുന്നത്.

ഫരീദിനെ രണ്ടു ദിവസത്തിനുള്ളിൽ കൊച്ചിയിലെത്തിക്കുമെന്ന് എൻ.ഐ.എ സൂചന നൽകി. കുറ്റവാളികളെ കൈമാറുന്നതിനു മുമ്പ് ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങൾ ചില രേഖകൾ തയ്യാറാക്കണം. കേസുമായി ബന്ധപ്പെട്ട വിവരങ്ങളാണിത്.

ഫൈസലിനെ ദുബായ് പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. സ്വർണക്കടത്തിൽ കോൺസുലേറ്റിന്റെ ബന്ധത്തെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്.

തിരുവനന്തപുരത്ത് വീടുകളും ഫ്ളാറ്റുകളും വാടകയ്ക്കെടുത്തത് സ്വർണം വേർതിരിച്ച് സൂക്ഷിക്കാനും കൈമാറാനുമാണെന്ന് സ്വപ്നയും സന്ദീപും സമ്മതിച്ചിരുന്നു. ചോദ്യങ്ങൾക്ക് മുന്നിൽ മിക്കപ്പോഴും കരച്ചിലായിരുന്നു സ്വപ്‌ന. സന്ദീപും സരിത്തും സ്വർണക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി. ഇതൊന്നും സ്വപ്‌ന നിഷേധിച്ചില്ല.

സന്ദീപിൽ നിന്ന് സ്വർണം വാങ്ങിയ പെരിന്തൽമണ്ണ സ്വദേശി റെമീസ്, സ്വർണക്കടത്തിന് പണം സമാഹരിച്ച മൂവാറ്റുപുഴ സ്വദേശി ജലാൽ എന്നിവരെ കോടതിയുടെ അനുമതിയോടെ എൻ.ഐ.എ അടുത്തദിവസം അറസ്‌റ്റുചെയ്യും. കസ‌്റ്റംസ് കേസിൽ ഇരുവരും ജയിലിലാണ്.

അറ്റാഷെയുടെ ഫ്ളാറ്റിലും

എൻ.ഐ.എ

അറ്റാഷെ റാഷീദ് ഖാമിസ് താമസിച്ചിരുന്ന പാറ്റൂരിലെ ഫ്ലാറ്റിലും എൻ.ഐ.എ അന്വേഷണം നടത്തി. അറ്റാഷെയടക്കം നാല് ഉദ്യോഗസ്ഥർ ഇവിടെയാണ് താമസിക്കുന്നത്. ഫ്ലാറ്റ് തുറന്ന് പരിശോധിച്ചില്ലെങ്കിലും സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ളവരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. സന്ദർശക രജിസ്​റ്ററും പരിശോധിച്ചു. കോൺസുലേറ്റ് ഉദ്യോഗസ്ഥരെ കാണാൻ പ്രതികൾ എത്തിയിരുന്നോ എന്ന് കണ്ടെത്താനാണിത്. ഇതിനു പിന്നാലെ കംസ്റ്റംസുമെത്തി വിവരങ്ങൾ ശേഖരിച്ചു.