high-court

കൊച്ചി : കാലാവധി കഴിഞ്ഞിട്ടു അഞ്ചുവർഷം വരെയായ ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കാനുള്ള സർക്കാർ നടപടിക്കെതിരായ ഹർജിക്കൊപ്പം കേന്ദ്ര - സംസ്ഥാന മന്ത്രിമാർ നടത്തിയ കത്തിടപാടിന്റെ രേഖകൾ ഹർജിക്കാരൻ ഹാജരാക്കിയത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരമൊരു ഒൗദ്യോഗികരേഖ ചോർന്നതെങ്ങനെയാണെന്ന് അന്വേഷിക്കാൻ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഗതാഗതവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കി നൽകുന്നതിനെതിരെ തിരുവനന്തപുരത്തെ വാരിയേഴ്സ് ഫോർ ആന്റി കറപ്ഷൻ ആൻഡ് സോഷ്യൽ ജസ്റ്റിസ് എന്ന സംഘടനയുടെ കോ ഒാർഡിനേറ്റർ ഷിബു മജീദാണ് ഹർജി നൽകിയത്. സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രിക്ക് കഴിഞ്ഞ ഡിസംബർ 31 ന് കേന്ദ്ര ഗതാഗതമന്ത്രി അയച്ച കത്തിന്റെ പകർപ്പും ട്രാൻസ്പോർട്ട് കമ്മിഷണർ എല്ലാ ഡെപ്യൂട്ടി കമ്മിഷണർമാർക്കും ആർ.ടി.ഒമാർക്കും ജോയിന്റ് ആർ.ടി.ഒ മാർക്കുമായി അയച്ച കത്തിന്റെ പകർപ്പും ഇതോടൊപ്പം ഹാജരാക്കിയിരുന്നു. കേന്ദ്രമന്ത്രിയുടെ കത്തിന്റെ ഒൗദ്യോഗിക കുറിപ്പുകളുൾപ്പെടെ പകർപ്പാണ് ഹാജരാക്കിയത്. ഇത്തരമൊരു കത്ത് എങ്ങനെയാണ് ഹർജിക്കാരന് ലഭിച്ചതെന്ന് ഡിവിഷൻബെഞ്ച് ആരാഞ്ഞു.

ട്രാൻസ്പോർട്ട് കമ്മിഷണറുടെ കത്ത് ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പക്കൽനിന്നു ലഭിച്ചെന്നും ബാക്കി രേഖകൾ വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമായി ശേഖരിച്ചതാണെന്നും ഹർജിക്കാരൻ വിശദീകരിച്ചു. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ ഡിവിഷൻബെഞ്ച് ഇതിനെക്കുറിച്ച് എത്രയുംവേഗം അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. ഹർജിയിലെ ആവശ്യം പരിഗണിക്കാതെ ഹർജി തീർപ്പാക്കി.