k-surendran

കൊച്ചി:കേന്ദ്രനിർദേശപ്രകാരമാണ് യു.എ.ഇ അറ്റാഷെയ്ക്ക് ഗൺമാനെ അനുവദിച്ചതെന്ന സംസ്ഥാന സർക്കാരിന്റെ വാദം. വസ്തുതാവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.

കോൺസുലേറ്റ് സ്ഥിതിചെയ്യുന്ന മേഖലയിൽ സുരക്ഷ നൽകാനാണ് കേന്ദ്രം നിർദേശിച്ചത്. ഒരു ഹെഡ് കോൺസ്റ്റബിളിനെയും മൂന്നു പൊലീസുകാരെയും നൽകാനായിരുന്നു നിർദേശമെന്ന് ഉത്തരവിന്റെ പകർപ്പ് കാട്ടി സുരേന്ദ്രൻ പറഞ്ഞു. ഗൺമാനെയും എസ്കോർട്ടും അനുവദിച്ചത് സ്ഥാപിതതാത്പര്യങ്ങൾ സംരക്ഷിക്കാനാണ്. ജയഘോഷിനെ നിയമിച്ചത് സ്വർണക്കടത്തുകാരെ സഹായിക്കാനാണ്. എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ള ജയഘോഷിന് വിമാനത്താവളത്തിൽ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ട്.

ആഭ്യന്തര, ഐ.ടി വകുപ്പുകളിലെ ഉന്നതരുടെ സഹായം സ്വർണക്കടത്തുകാർക്ക് ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധങ്ങൾ കൂടുതൽ വ്യക്തമാകുകയാണ്. രാജിവച്ച് അന്വേഷണം നേരിടാൻ അദ്ദേഹം തയ്യാറാകണം. അതിന് സി.പി.എം ദേശീയ നേതൃത്വം തയ്യാറാകണം.

കോൺസുലേറ്റുമായി നടത്തിയ ഇടപാടുകൾ നിയമപരമല്ലെന്ന് വ്യക്തമായതോടെ വർഗീയ കാർഡിറക്കി വഴിതിരിക്കാൻ ശ്രമിക്കുകയാണ് മന്ത്രി കെ.ടി. ജലീൽ. വാങ്ങിയത് സക്കാത്തെന്ന് പറഞ്ഞ് വിശ്വാസികളെ ഇളക്കാനാണ് ശ്രമിക്കുന്നത്. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു എന്നിവരും പങ്കെടുത്തു.