കൂത്താട്ടുകുളം:തിരുമാറാടി പഞ്ചായത്തിൽ നവീകരിച്ച ടാഗോർ ഹാളിന്റെ സമർപ്പണവും, കൊവിഡ് ചികിത്സാ പ്രവർത്തനങ്ങൾക്കായുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (എഫ്.എൽ.ടി.സി) ഉദ്ഘാടനവും അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ്നവീകരിച്ചത്. ആധുനിക രീതിയിലുള്ള ടൈലുകളും, നവീന രീതിയിലുള്ള ലൈറ്റുകൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് സംവിധാനങ്ങളും, വെള്ളക്കെട്ട് പരിഹരിക്കുന്നതിനുവേണ്ടി ഡ്രയിനേജ് സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയുണ്ട്. എം.എൽ.എയുടെ അസറ്റ് ഫണ്ട് ഉപയോഗിച്ച് നവീകരിച്ചടാഗോർ ഹാളിലാണ് കൊവിഡ് 19 ചികിത്സയ്ക്കായുള്ള താത്കാലിക ആശുപത്രി ഉയരുന്നത്.ടാഗോർ ഹാളിൽ ആരംഭിച്ച എഫ്.എൽ.ടി.സിയിൽ ആദ്യഘട്ട ചികിത്സയാണ് ലഭിക്കുന്നത്.
നിയോജകമണ്ഡലത്തിൽകൊവിഡ് ചികിത്സാ പ്രവർത്തനങ്ങൾക്ക് എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിവരികയാണെന്നും എം.എൽ.എ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ. വിജയൻ അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, മൂവാറ്റുപുഴ തഹസിൽദാർ സതീശൻ കെ.എസ്, തിരുമാറാടി മെഡിക്കൽ ഓഫീസർ ഡോ. സാവിത്രി, പഞ്ചായത്ത് മെമ്പർമാർ,തുടങ്ങിയവർ പങ്കെടുത്തു.